LiveTV

Live

Kerala

ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം; കലക്ടര്‍ക്കെതിരെ തിരദേശവാസികളുടെ പ്രതിഷേധം  

കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം എന്ന നിലയില്‍ പണി ആരംഭിച്ച ജിയോ ട്യൂബ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം; കലക്ടര്‍ക്കെതിരെ തിരദേശവാസികളുടെ പ്രതിഷേധം  

എറണാകുളം ചെല്ലാനം തീരമേഖലയില്‍ കടല്‍ക്ഷോഭം മൂന്നാം ദിവസവും രൂക്ഷം. ഇരുന്നൂറിലധികം വീടുകളില്‍ വെള്ളം കയറി. സന്ദര്‍ശനത്തിനെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെ തിരദേശവാസികള്‍ പ്രതിഷേധിച്ചു.

ചെല്ലാനം തീരമേഖലയില്‍ മൂന്ന് ദിവസമായി തുടരുന്ന കടല്‍ക്ഷോഭം ഇന്നും ശക്തമായി തുടരുകയാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനം, കമ്പനിപ്പടി, ബസാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇരുന്നൂറിലധികം വീടുകളില്‍ വെള്ളം കയറി. സ്ഥലത്ത് രാവിലെ ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തി. കലക്ടര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് തീരദേശവാസികളുടെ ഭാഗത്ത് നിന്നുണ്ടായത്. അധികൃതര്‍ അവഗണന തുടരുകയാണെന്നും പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം വേണമെന്നും ജനങ്ങള്‍ കലക്ടറോട് ആവശ്യപ്പെട്ടു.

പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത പരിഹാരം എന്ന നിലയില്‍ പണി ആരംഭിച്ച ജിയോ ട്യൂബ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചത് കടലാക്രമണത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ജിയോ ട്യൂബിനായി മണലെടുത്ത് മാറ്റിയത് കൊണ്ട് മാത്രം പല പ്രദേശങ്ങളിലും കടല്‍ കരയിലേക്ക് ഇരച്ചുകയറാന്‍ കാരണമായിട്ടുണ്ട്. കടലാക്രമണം രൂക്ഷമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നടക്കം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ചെല്ലാനം സെന്റ് മേരീസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. എന്നാല്‍ ക്യാമ്പിലേക്കില്ലെന്ന നിലപാടിലാണ് തീരദേശവാസികള്‍. ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഇവര്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ മഴ ശക്തമായാല്‍ പ്രദേശത്തെ കൂടുതല്‍ വീടുകളില്‍ വെള്ളം കയറും.