LiveTV

Live

Kerala

തിമില വിദ്വാന്‍ അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.

തിമില വിദ്വാന്‍ അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

പഞ്ചവാദ്യ പ്രമാണിയും തിമില വിദ്വാനുമായ അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിമില പാഠ്യ പദ്ധതിയിൽ ഏറെ പരിഷ്‌കാരം വരുത്തിയ അധ്യാപകൻ കൂടിയായിരുന്നു പരമേശ്വര മാരാർ.

ഈ മാസം അഞ്ചിനാണ് പരമേശ്വര മാരാറെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് നാലു മണിയോടെ ആയിരുന്നു അന്ത്യം.

തിമിലയിൽ വിസ്മയം തീർത്ത കലാകാരനായിരുന്നു പരമേശ്വര മാരാർ. സ്വദേശത്തും വിദേശത്തുമായി നിരവധി പഞ്ചവാദ്യങ്ങൾക്കു നായകത്വം വഹിചിച്ചിട്ടുണ്ട് അദ്ദേഹം. നാലര പതിറ്റാണ്ടു കാലം തിരുവമ്പാടി വിഭാഗത്തിന്റെ മേള പങ്കാളിയായ മാരാർ ഒരു പതിറ്റാണ്ടുകാലം മഠത്തിൽ വരവിന്റെ പ്രമാണിയായിരുന്നു. കേരള കലാമണ്ഡലത്തിൽ വിദ്യാർഥിയായ അദ്ദേഹം പിന്നീട് അവിടെ അധ്യാപകനായി.

തിമില പാഠ്യ പദ്ധതിയിൽ ഈ സമയത്ത് അദ്ദേഹം ഏറെ പരിഷ്‌കാരങ്ങൾ നടത്തി. സംഗീത നാടക അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് പരമേശ്വര മാരാർ. സംസ്കാരം നാളെ ഉച്ചക്ക് കൊടകരയിലെ വീട്ടുവളപ്പിൽ നടക്കും.