LiveTV

Live

Kerala

വായു ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റാകും

കേരളം വായുവിന്‍റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍‌ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 വായു ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റാകും

അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തും. കേരളം വായുവിന്‍റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍‌ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗോവയിൽ നിന്ന് 350 കി.മീയും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 510 കി.മീയും ഗുജറാത്തിലെ വെരാവലിൽ നിന്ന് 650 കി.മീ ദൂരത്തിലുമാണ് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരത്ത് മണിക്കൂറിൽ 110 മുതൽ 135 കി.മീ വരെ വേഗതയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. കേരളം 'വായു' ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ലെങ്കിലും ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. നാലര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയാണ് അനുഭവപ്പെടുന്നത്. പരപ്പനങ്ങാടി വള്ളിക്കുന്ന് ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി സ്വദേശി മുസമ്മിലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരം വലിയ തുറയിലും ശംഖുമുഖത്തുമെല്ലാം കടല്‍ക്ഷോഭം രൂക്ഷമാണ്. നിരവധി വീടുകള്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ നാല് വീടുകള്‍ പൂര്‍ണമായും 38 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലപ്പുഴ അമ്പലപ്പുഴയിലും ചേര്‍ത്തലയിലും കടക്ഷോഭമുണ്ടായി. കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതിനെതിരെ നാട്ടുകള്‍ പ്രതിഷേധിച്ചു. കൊല്ലത്ത് ഇരവിപുരത്ത് കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. തീരദേശ റോഡ് പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ തീരദേശ റോഡ് ഭീഷണിയിലാണ്.