LiveTV

Live

Kerala

കൊല്ലത്ത് കാന്‍സര്‍ രോഗിയായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

അഞ്ചല്‍ ജംഗ്ഷനില്‍ വെച്ച് വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും രാജേഷ് ഓട്ടോ നിര്‍ത്തിയില്ലെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് രാജേഷ് പറയുന്നത്.

കൊല്ലത്ത് കാന്‍സര്‍ രോഗിയായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

കൊല്ലം അ‍ഞ്ചലില്‍ കാന്‍സര്‍ രോഗിയായ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രാജേഷിനെ പൊലീസ് മര്‍ദിച്ചത്. തോളെല്ലിന് സാരമായി പരിക്കേറ്റ രാജേഷ് മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പുനലൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് സംഭവം. അഞ്ചല്‍ ജംഗ്ഷനില്‍ വെച്ച് വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ടും രാജേഷ് ഓട്ടോ നിര്‍ത്തിയില്ലെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് രാജേഷ് പറയുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. രക്താര്‍ബുദ രോഗിയാണെന്ന് പറഞ്ഞിട്ടും കൈയ്യില്‍ വിലങ്ങുവെച്ചശേഷം മര്‍ദനം തുടര്‍ന്നെന്നും രാജേഷ് പറയുന്നു.

എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചതിനാണ് പിടികൂടിയതെന്നും സ്റ്റേഷനിലെത്തിയ രാജേഷ് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മര്‍ദനത്തില്‍ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ രാജേഷ് ആദ്യം അഞ്ചലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മര്‍ദിച്ച അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പുനലൂര്‍ ഡി.വൈ.എസ്.പിക്ക് രാജേഷ് പരാതി നല്‍കി.