LiveTV

Live

Kerala

പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

യു.ഡി.എഫിന്റെ കാലത്തെ റോഡ് പാലം നിര്‍മാണങ്ങള്‍ക്ക് കമ്പനി നിയമം ലംഘിച്ചാണ് റോഡ് ഫണ്ട് ബോര്‍ഡ് പണം നല്‍കിയതെന്നും ജി സുധാകരന്‍

പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കൊച്ചി പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിറ്റ്‌ക്കോ മേല്‍നോട്ടം വഹിച്ച മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളെക്കുറിച്ചും അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

ചോദ്യോത്തരവേളയിലായിരുന്നു പാലാരിവട്ടം മേല്‍പ്പാലത്തിലെ അഴിമതി ചര്‍ച്ചയായത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടികാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബില്‍ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങള്‍ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലന്‍സ് പഠന റിപ്പോര്‍ട്ടിലെ ഒമ്പത് നിഗമനങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രി പാലാരിവട്ടം മേല്‍പ്പാല വിഷയത്തില്‍ പ്രതികരിച്ചത്. 2015 മെയ് മാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അതിനെ ഗൗരവകരമായി കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍, അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സഭയെ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ വീഴ്ച സംഭവിച്ചിരുന്നതായും മന്ത്രിസഭയെ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഴിമതി നിര്‍മാര്‍ജ്ജനത്തിന് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനോടകം നൂറില്‍പ്പരം ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും മന്ത്രിസഭയെ അറിയിച്ചു.