LiveTV

Live

Kerala

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എല്‍.ഡി.എഫ്

വിശ്വാസികളെ തിരികെ കൊണ്ടുവരാന്‍ നടപടികളുണ്ടാകണമെന്നും ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ധാരണയായി

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എല്‍.ഡി.എഫ്

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശബരിമല കാരണമായെന്ന് ഇടത് മുന്നണി. വിശ്വാസികള്‍ക്ക് ഇടത് മുന്നണിയോടുണ്ടായ അവിശ്വാസം മാറ്റാനാവശ്യമായ നടപടി സ്വീകരിക്കാന്‍ മുന്നണി യോഗം തീരുമാനിച്ചു. ശബരിമലയിലെ പൊലീസ് നടപടി വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സി.പി.എമ്മിനും സി.പി.ഐക്കും പിന്നാലെ ഇടത് മുന്നണിയും സമ്മതിക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം വിശ്വാസി സമൂഹത്തെ എതിരാക്കിയെന്നാണ് മുന്നണി യോഗം വിലയിരുത്തിയത്. വിശ്വാസികളുടെ തെറ്റിധാരണ മാറ്റാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നണി യോഗം തീരുമാനിച്ചു.

എല്‍.ജെ.ഡി, ബാലകൃഷ്ണപിള്ള, ഐ.എന്‍.എല്‍ തുടങ്ങിയ കക്ഷികള്‍ ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന നിലപാട് സ്വീകരിച്ചു. ശബരിമലയിലെ പൊലീസ് നടപടി വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന്റെ പിറ്റേന്ന് യുവതികളെ മല കയറ്റിച്ചത് സ്ത്രീ വോട്ടുകൾ നഷ്ടമാക്കിയെന്നും എല്‍.ജെ.ഡി വിമര്‍ശിച്ചു. ശബരിമല വിഷയം തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ പറയാതിരുന്നത് തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായമുയര്‍ന്നു. ശബരിമല കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് ബാലകൃഷ്‌ണപിള്ള പറഞ്ഞത്. തെരഞ്ഞടുപ്പ് അവലോകനത്തിനപ്പുറം മറ്റ് വിഷയങ്ങള്‍ ഒന്നും മുന്നണി യോഗം ചര്‍ച്ച ചെയ്തില്ല.