LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റ് വിതരണം നിലച്ചു

മെഡിക്കല്‍ കോളേജില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്‌റ്റെന്റ് നല്‍കിയതില്‍ 2018 ജൂണ്‍ മുതല്‍ 30 കോടി രൂപയും ആര്‍.എസ്.ബി.വൈ പദ്ധതിയിലൂടെ 2018 ഡിസംബര്‍ മുതല്‍ 16 കോടിയും ലഭിക്കാനുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയക്കുള്ള സ്റ്റെന്റ് വിതരണം നിലച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്‌റ്റെന്റ് വിതരണം നിലച്ചു. നേരത്തെ തന്നെ സ്‌റ്റെന്റ് വിതരണം നിര്‍ത്തുമെന്ന് കാണിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും സര്‍ക്കാറിനും വിതരണക്കാര്‍ കത്ത് നല്‍കിയിരുന്നു. ഈ കത്തിനെ തുടര്‍ന്നും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് വിതരണക്കാര്‍ പറയുന്നു. നാല് ദിവസം കൂടി കഴിഞ്ഞാല്‍ സ്‌റ്റെന്‍റ് സ്‌റ്റോക്കില്ലാത്തത് മെഡിക്കല്‍ കോളേജിലെ ഹൃദയശസ്ത്രക്രിയയെ ബാധിച്ചു തുടങ്ങും.

കുടിശ്ശിക നല്‍കാത്തപക്ഷം ജൂണ്‍ 10ന് ശേഷം ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്‌റ്റെന്റ് വിതരണം നിര്‍ത്തുമെന്നായിരുന്നു വിതരണക്കാര്‍ അറിയിച്ചത്. കത്ത് നല്‍കി 10 ദിവസം പിന്നിട്ടിട്ടും വിതരണക്കാരുമായി ചര്‍ച്ച നടത്താനോ കുടിശ്ശിക നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിതരണം ചെയ്ത സ്‌റ്റെന്റ് തിരികെ

എടുക്കാന്‍ വിതരണക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും അധികൃതര്‍ നല്‍കിയിട്ടില്ല. നാല് ദിവസത്തേക്കും കൂടിയുള്ള സ്‌റ്റോക്ക് മാത്രമേ വിതരണക്കാര്‍ നല്‍കിയതില്‍ മെഡിക്കല്‍ കോളേജില്‍ അവശേഷിക്കുന്നുള്ളൂ.

മെഡിക്കല്‍ കോളേജില്‍ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സ്‌റ്റെന്റ് നല്‍കിയതില്‍ 2018 ജൂണ്‍ മുതല്‍ 30 കോടി രൂപയും ആര്‍.എസ്.ബി.വൈ പദ്ധതിയിലൂടെ 2018 ഡിസംബര്‍ മുതല്‍ 16 കോടിയും ലഭിക്കാനുണ്ട്. ട്രൈബല്‍ ഫണ്ട് വഴി സ്‌റ്റെന്റ് വിതരണം ചെയ്ത വകയില്‍ 2014 മുതലുള്ള കുടിശ്ശികയും ബാക്കിയുണ്ട്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലാകും.