LiveTV

Live

Kerala

റാങ്ക് തിളക്കവുമായി ഇരട്ടകള്‍; നേട്ടം എഞ്ചിനീയറിങ് എന്‍ട്രന്‍സില്‍ 

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ നാലും എട്ടും റാങ്കുകളാണ് സഞ്ജയ്, സൗരവ് എന്നീ സഹോദരങ്ങളിലൂടെ കാഞ്ഞങ്ങാട് കാട്ടുകുളങ്ങര സൗപർണികയിൽ എത്തിയത്.

റാങ്ക് തിളക്കവുമായി ഇരട്ടകള്‍; നേട്ടം എഞ്ചിനീയറിങ് എന്‍ട്രന്‍സില്‍ 

എൻജിനീയറിങ് എൻട്രസ് റാങ്കുകളുടെ നിറവിൽ കാഞ്ഞങ്ങാട്ടെ ഇരട്ട സഹോദരങ്ങള്‍. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ നാലും എട്ടും റാങ്കുകളാണ് സഞ്ജയ്, സൗരവ് എന്നീ സഹോദരങ്ങളിലൂടെ കാഞ്ഞങ്ങാട് കാട്ടുകുളങ്ങര സൗപർണികയിൽ എത്തിയത്.

നിമിഷങ്ങളുടെ വ്യത്യാസങ്ങൾക്ക് ഭൂമിയിൽ പിറന്നു വീണ സഹോദരങ്ങൾ. ഒരേ ക്ലാസിലെ പഠനം. ആരാവണമെന്ന ചോദ്യങ്ങൾക്ക് എൻജിനീയർ എന്ന ഉത്തരം നൽകിയ മിടുക്കർ. സ്വപ്നങ്ങളുമായി സയൻസ് ഗ്രൂപ്പെടുത്ത് ഹയർ സെക്കൻഡറി പഠനം. ഒടുവിൽ പ്രവേശന പരീക്ഷയിൽ അവർക്ക് റാങ്കുകളുടെ പൊൻതിളക്കം.

കാഞ്ഞങ്ങാട് മാവുങ്കാൽ സൗപർണികയെന്ന വീട്ടില്‍ ഇരട്ടകളുടെ പഠന നേട്ടത്തിന്റെ ആഹ്ലാദമാണ്. ബിസിനസുകാരനായ സി.സുകുമാരന്റെയും സിവിൽ പോലീസ് ഓഫീസറായ വനജയുടെയും ഇരട്ടക്കുട്ടികൾ സൗരവ് സുകുമാരനും സഞ്ജയ് സുകുമാരനുമാണ് പ്രവേശന പരീക്ഷയിൽ നാലും എട്ടും റാങ്കുകൾ നേടി അഭിമാനമായത്. മാർക്ക് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ റാങ്ക് പട്ടികയിൽ ആദ്യ പത്തിനുള്ളിൽ വരുമെന്ന് പ്രതീക്ഷിച്ചതായി ഇരുവരും പറഞ്ഞു.

നവോദയ വിദ്യാലയയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ1 ഗ്രേഡ് നേടിയാണ് ഇരുവരും കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ഹയർ സെക്കൻഡറി പഠനത്തിനെത്തിയത്. ഐ.ഐ.ടി ലക്ഷ്യമിട്ടായിരുന്നു പരിശീലനം. അതിനൊപ്പമാണ് കേരള പ്രവേശന പരീക്ഷയുമെഴുതിയത്. എവിടെയായാലും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദമെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.‌