LiveTV

Live

Kerala

പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിനെതിരെ സി.പി.ഐ

ഉത്തരവ് ഇറക്കുന്നതിന് മുമ്പ് മുന്നണിയിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്യണമെന്നും സി.പി.ഐ

പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിനെതിരെ സി.പി.ഐ

പൊലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്നതില്‍ എതിര്‍പ്പുമായി സി.പി.ഐ. മുന്നണിയിലും, സര്‍ക്കാരിലും ചര്‍ച്ച ചെയ്യാതെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കി ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ് സി.പി.ഐ പങ്ക് വെയ്ക്കുന്നത്.

തിരുവനന്തപുരത്തും, കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് ഈ മാസം ആറിനാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരത്ത് ഐ.ജി ദിനേന്ദ്ര കശ്യപിനേയും, കൊച്ചിയില്‍ വിജയ് സാഖറെയുമാണ് നിയമിച്ചത്. നിലവില്‍ കളക്ടര്‍മാര്‍ക്കുള്ള മജിസ്റ്റീരിയില്‍ അധികാരം പൊലീസിന് നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് എതിര്‍പ്പുമായി സി.പി.ഐ രംഗത്ത് വന്നിരിക്കുന്നത്.

ഉത്തരവിറക്കും മുന്‍പ് മുന്നണിയിലും, മന്ത്രിസഭയിലും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ നിയമസഭ കക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് നിലവിലെ സിവില്‍ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാകുമെന്നും, ഏകപക്ഷീയമായി ഉത്തരവിറക്കരുതെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കമ്മീഷണറേറ്റ് രൂപീകരിച്ച മറ്റ് സ്ഥലങ്ങളില്‍ ഇത് ദുരുപയോഗം ചെയ്‌തെന്ന ആശങ്കയും സി.പി.ഐ പങ്ക് വെയ്ക്കുന്നുണ്ട്.

നിലവില്‍ റവന്യു വകുപ്പിന് കീഴിലുള്ള കളക്ടര്‍മാരുടെ അധികാരങ്ങള്‍ എടുത്ത് മാറ്റുന്നതിലെ അതൃപ്തിയും സി.പി.ഐ എതിര്‍പ്പിന് പിന്നിലുണ്ടെന്നാണ് സൂചന. മുന്നണിയിലെ പ്രധാന ഘടകകക്ഷിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച കൂടാതെ ഇനി ഉത്തരവിറക്കാന്‍ സാധ്യതയില്ല.