LiveTV

Live

Kerala

കാസര്‍കോട് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

റൂട്ട് കനാല്‍ ചെയ്യാനെത്തിയ യുവതിക്ക് മരുന്ന് മാറി നല്‍കിയെന്നാണ് ആരോപണം.

കാസര്‍കോട് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കാസര്‍കോട് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. റൂട്ട് കനാല്‍ ചെയ്യാനെത്തിയ യുവതിക്ക് മരുന്ന് മാറി നല്‍കിയെന്നാണ് ആരോപണം. ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്കുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശി മുഹമ്മദ് ഷഫീഖ് തന്‍റെ ഭാര്യയുടെ റൂട്ട് കനാലിനായാണ് 2019 ഏപ്രില്‍ 29ന് കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അരമന ആശുപത്രിയുടെ ഡെന്‍റല്‍ വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. റൂട്ട് കനാല്‍ ചെയ്യുന്നതിന് മുന്‍പ് മയക്കാന്‍ നല്‍കുന്ന അനസ്തേഷ്യക്ക് പകരം മരുന്ന് മാറി കുത്തിവെച്ചെന്നാണ് ആരോപണം. ആദ്യ ഘട്ടത്തില്‍ പിഴവ് സമ്മതിക്കാതിരുന്ന ആശുപത്രി അധികൃതര്‍ ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നറിയിച്ചപ്പോഴാണ് പിഴവ് സമ്മതിച്ചതെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു.

ആരോഗ്യനില വഷളായ തന്‍റെ ഭാര്യയുടെ തുടര്‍ ചികിത്സാചിലവ് വഹിക്കാമെന്ന് ആശുപത്രി അധികൃതര്‍‌ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും ഇപ്പോഴും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തുന്ന ചികിത്സയുടെ ചെലവ് താങ്ങാവുന്നതില്‍ അപ്പുറമാണെന്നും ഷഫീഖ് പറയുന്നു. കൂടാതെ ആശുപത്രി അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും യുവാവ് ആരോപിച്ചു.

എന്നാല്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും മരുന്ന് നല്‍കിയപ്പോഴുള്ള റിയാക്ഷനാണ് യുവതിക്കുണ്ടായതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂടാതെ 10 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും‌മാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.