LiveTV

Live

Kerala

കലക്ടര്‍മാരുടെ അധികാരം നിലനിര്‍ത്തിയാകും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുകയെന്ന് മുഖ്യമന്ത്രി

യു.ഡി.എഫ് സര്‍ക്കാരാണ് കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം ആദ്യം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍

കലക്ടര്‍മാരുടെ അധികാരം നിലനിര്‍ത്തിയാകും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുകയെന്ന് മുഖ്യമന്ത്രി

കലക്ടര്‍മാരുടെ അധികാരം നിലനിര്‍ത്തി പൊലീസിനും മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന തരത്തിലായിരിക്കും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷണറേറ്റ് വരുന്നതോടെ കുറ്റാന്വേഷണവും, ക്രമസമാധാനവും കാര്യക്ഷമമാകുമെന്നും, യു.ഡി.എഫ് സര്‍ക്കാരാണ് കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം ആദ്യം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൊലീസ് കമ്മീഷണറേറ്റ് രൂപീകരികരിക്കുന്നതിലൂടെ പരാതിക്കാരനും വിധികര്‍ത്താവും ഒരാള്‍ തന്നെയാകും എന്നതായിരിന്നു ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ വിമര്‍ശനം. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു

പൊലീസ് കമ്മീഷണറേറ്റ് രാജ്യത്തെ പല നഗരങ്ങളിലും വിജയകരമായി നടപ്പാക്കിയതാണെന്നും, കമ്മീഷണറേറ്റ് വരുന്നതോടെ കുറ്റാന്വേഷണവും, ക്രമസമാധാനവും കാര്യക്ഷമമാകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

കമ്മിഷണറേറ്റ് കൊണ്ട് വരാന്‍ തീരുമാനിച്ചത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണെന്നും, 2013 ജനുവരി 23 ന്റെ മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് ഈ വിഷയം വന്നിരിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം തന്നെയാണെന്ന് സമ്മതിച്ച പ്രതിപക്ഷ നേതാവ് എന്നാല്‍ മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് മാറ്റിവെച്ചതെന്നും മറുപടി നല്‍കി.