LiveTV

Live

Kerala

നിപ ഭീതിയൊഴിയുന്നു; ചികിത്സയിലുള്ള രോഗിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടു

അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമെന്നും കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിപ ഭീതിയൊഴിയുന്നു; ചികിത്സയിലുള്ള രോഗിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടു

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. യുവാവ് പരസഹാമില്ലാതെ നടക്കാന്‍ തുടങ്ങിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കൂടി കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

നടക്കാന്‍ പോലുമാകാതെയാണ് നിപ ബാധിതനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പരസഹായമില്ലാതെ യുവാവ് നടക്കാന്‍ തുടങ്ങിയെന്ന് വ്യക്തമാക്കുന്നു. രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്.

യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കൂടി കളമശേരി മെഡിക്കല്‍ കോളജിലെ ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എട്ട് പേരാണ് നിലവില്‍ ഐസലേഷന്‍ വാര്‍ഡിലുള്ളത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്ന് ശേഖരിച്ച 22 പഴംതീനി വവ്വാലുകളുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയക്കും. നാളെ ആലുവ, പറവൂര്‍ മേഖലകളില്‍ പരിശോധന നടത്തും.

അതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സജ്ജീകരിച്ചിരിക്കുന്ന 30 പേരെ ഉള്‍ക്കൊള്ളാവുന്ന പുതിയ ഐസൊലേഷന്‍ വാര്‍ഡില്‍ ട്രെയല്‍ റണ്‍ നടത്തി. നിപ രോഗബാധിതനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന വിവിധ ഘട്ടങ്ങളില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കാനാണ് കളമേശേരി മെഡിക്കല്‍ കോളജില്‍ ട്രയല്‍ റണ്‍ നടത്തിയത്.