LiveTV

Live

Kerala

ബാലഭാസ്‌കറിന്റെ മരണത്തിലെ ഗൂഡാലോചന വിശദമായി അന്വേഷിക്കും

അന്വേഷണ പുരോഗതി വിലയിരുത്താന്‍ നടത്തിയ യോഗത്തിലാണ് തീരുമാനം...

ബാലഭാസ്‌കറിന്റെ മരണത്തിലെ ഗൂഡാലോചന വിശദമായി അന്വേഷിക്കും

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് യോഗത്തില്‍ തീരുമാനം. ചില മൊഴികളില്‍ സംശയമുണ്ട്. ഇത്തരം മൊഴി നല്‍കിയവരില്‍ നിന്ന് വിശദമായി വിവരങ്ങള്‍ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന്റെ ഓഫീസില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. മൊഴികള്‍ പരിശോധിച്ചതില്‍ നിന്ന് ചില മൊഴികളില്‍ സംശയമുള്ളതായി യോഗം വിലയിരുത്തി. ഇത്തരം മൊഴികള്‍ വിശദമായി രേഖപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. വിശ്വാസ്യതയുള്ള മൊഴികളും വിശദമായി രേഖപ്പെടുത്തും. സ്വീകര്യമല്ലാത്തതെന്ന് കണ്ടെത്തിയ ചില മൊഴികള്‍ ഒഴിവാക്കുകയും ചെയ്യും.

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നത്. എന്തെങ്കിലും ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നത് വിശദമായി അന്വേഷിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

ബാലഭാസ്‌കറിനോട് ശത്രുത ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ ക്രൈംബ്രാഞ്ചിന് ഒരാളെ പോലും കണ്ടെത്താനായിട്ടില്ല. ആയതിനാല്‍ ശാസ്ത്രീയ പരിശോധനാഫലം കൂടി വന്ന ശേഷം അന്തിമ തീരുമാനത്തിലെത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകും തോറും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതും വൈകും. ഇത് വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

ഇന്നത്തെ യോഗത്തിന്റെ റിപ്പോര്‍ട്ടും ഇതുവരെയുളള അന്വേഷണ റിപ്പോര്‍ട്ടും ഐ.ജിക്ക് നാളെ കൈമാറിയേക്കും. സ്വര്‍ണക്കടത്ത് കേസോ സാമ്പത്തിക ഇടപാടുകളോ നിലവിലെ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാന്‍ സാധിക്കില്ലെന്നതും വെല്ലുവിളിയാണ്.