LiveTV

Live

Kerala

കാലാവധി പൂര്‍ത്തിയാകും മുന്‍പ് യൂത്ത്‌ലീഗില്‍ സംഘടനാ തെരഞ്ഞെടുപ്പ്; പി.കെ ഫിറോസ് അധ്യക്ഷനായേക്കും

കാലാവധി പൂര്‍ത്തിയാകും മുന്‍പ് യൂത്ത്‌ലീഗില്‍ സംഘടനാ തെരഞ്ഞെടുപ്പ്; പി.കെ ഫിറോസ് അധ്യക്ഷനായേക്കും

മൂന്നു വര്‍ഷ കാലാവധി അവസാനിക്കാന്‍ ആറ് മാസത്തോളം ബാക്കിയുണ്ടെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഒരുക്കം തുടങ്ങി. കെ.എം ഷാജി, പി.എം സാദിഖലി എന്നിവര്‍ അധ്യക്ഷരായിരുന്ന രണ്ട് കമ്മിറ്റികള്‍ അഞ്ച് വര്‍ഷം തുടര്‍ന്ന ശേഷമാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയത്.

എന്നാല്‍ ഭരണഘടനാ പ്രകാരമുള്ള നിശ്ചിത കാലാവധി മാത്രം തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ പുതിയ കമ്മിറ്റിക്ക് അധികാരം കൈമാറാനാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനും പി.കെ ഫിറോസ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയുടെ തീരുമാനം. അടുത്ത മാസം ആദ്യ വാരത്തില്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങും.മുനവ്വറലി ശിഹാബ് തങ്ങള്‍

മുനവ്വറലി ശിഹാബ് തങ്ങള്‍
മുനവ്വറലി ശിഹാബ് തങ്ങള്‍

ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. നാല്‍പത് വയസ്സാണ് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി. പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, ട്രഷറര്‍ എം.എ സമദ് എന്നിവരെല്ലാം പ്രായപരിധിക്ക് പുറത്താകും.

ഇളവ് ലഭിച്ചാലും യൂത്ത് ലീഗില്‍ തുടരേണ്ടതില്ല എന്ന നിലപാടാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കുള്ളത്. ആഗസ്തില്‍ നാല്‍പത് വയസ്സ് പൂര്‍ത്തിയാകുന്ന പി.കെ ഫിറോസിന് പുതിയ കമ്മിറ്റിയില്‍ തുടരാനാകും. പുതിയ കമ്മിറ്റിയുടെ പ്രസിഡണ്ടായി പി കെ ഫിറോസ് വരാനാണ് സാധ്യത. ജനറല്‍ സെക്രട്ടറിയായി എംഎസ്എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്റഫലി എത്തിയേക്കും.

പി.ഇസ്മയില്‍ വയനാട്, മുജീബ് കാടേരി (മലപ്പുറം) എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്താന്‍ സാധ്യതയുള്ളവരാണ്.