LiveTV

Live

Kerala

പൊലീസ് കമ്മീഷണറേറ്റ് അധികാര ദുര്‍വിനിയോഗത്തിന് ഇടയാക്കുമെന്ന് വിമര്‍ശം

കമ്മീഷണര്‍മാര്‍ക്ക് കളക്ടര്‍മാര്‍ക്കുളളത് പോലെ മജിസ്റ്റീരിയല്‍ പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് നിയമവൃത്തങ്ങളിലടക്കം എതിര്‍പ്പുയരുന്നത്.

പൊലീസ് കമ്മീഷണറേറ്റ് അധികാര ദുര്‍വിനിയോഗത്തിന് ഇടയാക്കുമെന്ന് വിമര്‍ശം

സംസ്ഥാന പോലീസില്‍ മെട്രോപൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എതിര്‍പ്പുയരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നതിലാണ് തര്‍ക്കം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നത് അധികാര ദുര്‍വിനിയോഗത്തിന് ഇടയാക്കുമെന്നാണ് വാദം.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഐ.ജിമാരെ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് മെട്രോ പൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. കമ്മീഷണര്‍മാര്‍ക്ക് കളക്ടര്‍മാര്‍ക്കുളളത് പോലെ മജിസ്റ്റീരിയല്‍ പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് നിയമവൃത്തങ്ങളിലടക്കം എതിര്‍പ്പുയരുന്നത്.

ഫലത്തില്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിന് ഇത് ഇടയാക്കുമെന്നാണ് ആരോപണം.കാപ്പ ചുമത്തുന്നതടക്കമുളള അധികാരങ്ങള്‍ പൊലീസില്‍ നിക്ഷിപ്തമാകുമ്പോള്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നുമുളള ആശങ്കകളും ഉയരുന്നുണ്ട്.

പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിനെതിരെ ഐ.എ.എസ് തലത്തിലും എതിര്‍പ്പുകളുണ്ട്. മജിസ്റ്റീരിയല്‍ പദവി ഐ.എ.എസ്-ഐ.പി.എസ് അധികാര തര്‍ക്കത്തിനിടയാക്കുമെന്ന വാദമാണ് ഇവരുന്നയിക്കുന്നത്. റവന്യു വകുപ്പിലെ സി.പി.ഐയുടെ പോഷകസംഘടനയും സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍മാരെ ഐ.ജി തസ്തികയിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കമ്മീഷണറേറ്റ് രൂപീകരണത്തിന്റെ വിജ്ഞാപനം സര്‍ക്കാര്‍ ഇതുവരെയിറക്കിയിട്ടില്ല. ഐ.എ.എസ്- ഐ.പി.എസ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വിജ്ഞാപനം വൈകുന്നതെന്നാണ് സൂചന.