LiveTV

Live

Kerala

നിപ; ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. 

നിപ; ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ എട്ട് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളോടെ ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിപ രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലം ലഭിച്ചു. സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്. അതേസമയം രോഗ ലക്ഷണങ്ങളുള്ള ഒരാളെ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ എട്ട് പേരാണ് മെഡിക്കല്‍ കേളേജില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഏഴുപേരുടെയും രക്തസാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്.

ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഉള്ള ഒരാളുടെ രക്തസാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. നിലവില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 327 പേരാണ് നിരീക്ഷണത്തിലുള്ളത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ നാല് സംഘങ്ങള്‍ 73 സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി.

കൂടാതെ കഴിഞ്ഞ മാസം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റെജിസ്റ്റര്‍ ചെയ്ത 1798 മരണങ്ങളെ സംബന്ധിച്ച വിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ നിപ രോഗബാധയുമായി സാമ്യമുള്ള മരണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.