LiveTV

Live

Kerala

കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു

സംസ്ഥാന സമിതി വിളിക്കുന്ന നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ 10 ദിവസം കൂടി അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ തീരുമാനം.

കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു

സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിട്ടും കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു. നിയമസഭയില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പം ചൂണ്ടിക്കാട്ടിയാണ് ഇരുവിഭാഗവും കത്ത് നല്‍കിയത്. നിയമസഭ നാളെ ചേരാനിരിക്കെ തിരുവനന്തപുരത്താകും ഇനിയുള്ള ചര്‍ച്ചകള്‍ നടക്കുക.

കെ.എം മാണിയുടെ സീറ്റ് പി.ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട മോന്‍സ് ജോസഫും, പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കാത്ത ഇത് അനുവദിക്കരുതെന്ന് കാട്ടി റോഷി അഗസ്റ്റിനും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ഒമ്പതാം തിയതിക്കുള്ളില്‍ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗവും സമയം നീട്ടി ചോദിച്ചുകൊണ്ട് കത്ത് നല്‍കിയത്. ആദ്യം ജോസ് കെ മാണി വിഭാഗമാണ് കത്ത് നല്‍കുന്ന കാര്യം അറിയിച്ചത്.

എന്നാല്‍ ആര്‍ക്ക് വേണമെങ്കിലും കത്ത് നല്‍കാമെന്നും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. പാര്‍ട്ടിയിലെ എല്ലാ നേതാക്കളുമായി കൂടിയാലോചിച്ചാണ് കത്ത് നല്‍കിയതെന്നും മോന്‍സ് കൂട്ടി ചേര്‍ത്തു. സമവായ ചര്‍ച്ചകള്‍ക്ക് നിലവില്‍ കളമൊരുങ്ങിയിട്ടുണ്ട്. ഈ ആഴ്ച തന്നെ നേതാക്കള്‍ ഒന്നിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്‍കാന്‍ ഇരുവിഭാഗവും തയ്യാറല്ല. ആയതിനാല്‍ വരും ദിവസങ്ങളിലും തര്‍ക്കം തുടരുക തന്നെ ചെയ്യും.