LiveTV

Live

Kerala

അനാഥാലയത്തില്‍ മര്‍ദനമേറ്റ കുട്ടികള്‍ ഇറങ്ങിയോടി

മൂന്നിനും അ‍ഞ്ചിനും ഇടയിലാണ് മര്‍ദനമേറ്റവരുടെ പ്രായം.

 അനാഥാലയത്തില്‍ മര്‍ദനമേറ്റ കുട്ടികള്‍ ഇറങ്ങിയോടി

തൃശൂര്‍ മേലൂരില്‍ പ്രവര്‍ത്തിക്കുന്ന അനാഥമന്ദിരത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ആറ് കുട്ടികള്‍ക്ക് മര്‍ദനമേറ്റു. സ്ഥാപനത്തിലെ മുതിര്‍ന്ന കുട്ടികളാണ് മര്‍ദിച്ചത്. മര്‍ദനമേറ്റതിനെ തുടര്‍ന്ന് കുട്ടികള്‍ ഇന്നലെ രാത്രി സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകള്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി.

മേലൂര്‍ പൂലാനിയില്‍ മരിയ പാലന സംഘം നടത്തുന്ന അനാഥമന്ദിരത്തിലാണ് കുട്ടികള്‍ക്ക് മര്‍ദനമേറ്റത്. മൂന്നിനും അ‍ഞ്ചിനും ഇടയിലാണ് മര്‍ദനമേറ്റവരുടെ പ്രായം. വാഴച്ചാല്‍ വാച്ചുമരം, പൊകലപ്പാറ സ്വദേശികളായ കുട്ടികള്‍ നാല് ദിവസം മുന്‍പാണ് അനാഥമന്ദിരത്തിലെത്തിയത്.

പാത്രം കൊണ്ട് മുതിര്‍ന്ന കുട്ടികള്‍ തലക്കടിച്ചുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. മര്‍ദനം സഹിക്കാതായപ്പോള്‍ തങ്ങള്‍ സ്ഥാപനത്തില്‍ നിന്നും രാത്രി ഇറങ്ങി ഓടുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. പുലര്‍ച്ചെ കുട്ടികളെ റോഡില്‍ കണ്ട പ്രദേശവാസിയായ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ചെല്‍ഡ് ലൈന്‍ അധികൃതരും പോലീസും കുട്ടികളുടെ മൊഴി എടുത്തു.

മരിയ പാലന സംഘത്തിന്റെ കീഴിലാണ് അനാഥാലായം പ്രവര്‍ത്തിക്കുന്നത്. നൂറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ഭൂരിഭാഗവും ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍. സ്ഥാപനത്തിനെതിരെ നേരത്തെയും നിരവധി പരാതികളുയര്‍ന്നിരുന്നു.