LiveTV

Live

Kerala

കീമോ തെറാപ്പിക്ക് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന നിര്‍ദേശം പരിഗണനയിലെന്ന് മന്ത്രി

കോട്ടയത്ത് കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ നൽകിയതിനെ തുടർന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്...

കീമോ തെറാപ്പിക്ക് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന നിര്‍ദേശം പരിഗണനയിലെന്ന്  മന്ത്രി

കീമോ തെറാപ്പി നല്‍കുന്നതിന് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇക്കാര്യം വിദഗ്ധ ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കോട്ടയത്ത് കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ നൽകിയതിനെ തുടർന്നാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജിൽ കാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം വന്‍ വിവാദമായതിന് പിന്നാലെയാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നത്. ലാബ് പരിശോധന റിപ്പോര്‍ട്ട് ഉണ്ടെങ്കിലും കീമോ തെറാപ്പി ആരംഭിക്കുന്നതിന് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന തീരുമാനം ഉടനെ തന്നെയുണ്ടാകുമെന്ന സൂചനയാണ് ആരോഗ്യമന്ത്രി നല്‍കിയത്. മാത്രമല്ല കീമോയ്ക്ക് വിധേയയായ രജനിക്ക് തുടർ ചികിത്സക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രജനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് ലാബുകള്‍ക്കുമെതിരെ ഇന്നലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മെഡിക്കൽ കോളജിലെ തിരക്ക് കാരണമാണ് കാൻസർ സംശയിച്ച് വരുന്ന രോഗികളെ സ്വകാര്യ ലാബുകളിലേക്ക് വിടുന്നതെന്നായിരുന്നു ആശുപത്രി അധികൃതര്‍ മന്ത്രിക്ക് നൽകിയ വിശദീകരണം. അതുകൊണ്ട് തന്നെ മെ‍ഡിക്കല്‍ കൊളജില്‍ സൌകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.