LiveTV

Live

Kerala

കേരളത്തില്‍ കാലവര്‍ഷമെത്തി

അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴ കനക്കും. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തില്‍ കാലവര്‍ഷമെത്തി

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന നാല് ദിവസം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈകിയാണ് ഇത്തവണ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയത്. അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ മഴ കനക്കും. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തൃശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, ഭാഗങ്ങളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചു.

കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ക്യാമ്പുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണം. ബീച്ചുകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, പുഴകളിലും ചാലുകളിലും ഇറങ്ങാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.