LiveTV

Live

Kerala

പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം

ജൂണ്‍ 10 മുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയിലേക്ക് മാറ്റിവയ്ക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം

കാലിക്കറ്റ് സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സമരം. ജൂണ്‍ 10 മുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയിലേക്ക് മാറ്റിവയ്ക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിരവധി വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തു.

യൂണിവേഴ്സിറ്റി അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 20 മുതലാണ് നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ തുടങ്ങേണ്ടതെന്നും 10 ദിവസം മുമ്പ് തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ തിയറി, ലാബ് സിലബസുകള്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയിലേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പിജി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആഗസ്ത് അവസാനവാരത്തില്‍ തുടങ്ങിയ പിജി കോഴ്സ് 2019 ജൂണില്‍ അവസാനിപ്പിക്കുമ്പോള്‍ നാലാം സെമസ്റ്ററിലെ 90ല്‍ 50 അക്കാദമിക ദിനങ്ങള്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കൂ.

2018 അധ്യയന വര്‍ഷത്തില്‍ പിജി വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ തന്നെ പ്രൊജക്ട് വര്‍ക്ക് തുടങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ 2017 ബാച്ചിന് അങ്ങനെയൊരു അവസരം ലഭിക്കാത്തതിനാല്‍ പ്രൊജക്ട് വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രൊജക്ട് ചെയ്ത പലരുടെയും വര്‍ക്ക് അവസാനിച്ചത് ജൂണ്‍ ആദ്യവാരത്തിലുമാണ്.

നിലവിലെ വിദ്യാർഥികളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് യൂണിവേഴ്സിറ്റി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും പരിഷ്‌കാരങ്ങള്‍ അടുത്ത ബാച്ച് മുതല്‍ നടപ്പാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.