LiveTV

Live

Kerala

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

വയനാട്ടിലെ ഓരോ വോട്ടറുടേയും പ്രതിനിധിയാണന്നും പാര്‍ട്ടിക്ക് അതീതമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി.

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വയനാട്ടിലെ ഓരോ വോട്ടറുടേയും പ്രതിനിധിയാണന്നും പാര്‍ട്ടിക്ക് അതീതമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി. കനത്ത മഴയിലും ആയിരകണക്കിന് പ്രവര്‍ത്തകരാണ് രാഹുലിനെ അഭിവാദ്യമാര്‍പ്പിക്കാന്‍ ഓരോ കേന്ദ്രങ്ങളിലും എത്തിയത്.

പ്രത്യേക വിമാനത്തില്‍ 2.30നാണ് രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ എത്തിയത്. പിന്നീട് റോഡ് മാര്‍ഗം കാളികാവിലേക്ക്. കനത്ത കാറ്റിലും മഴയിലും പിരിഞ്ഞു പോകാതെ കാത്തു നിന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ നാല് മണിയോടെ രാഹുലെത്തി. റോഡ് ഷോ ആരംഭിച്ചതോടെ ആവേശം അണപൊട്ടി. കാളികാവ് ജംങ്ഷനില്‍ അല്‍പനേരം രാഹുല്‍ ജനങ്ങളോട് സംവദിച്ചു.

പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണത്തിന് നന്ദി പറഞ്ഞ് തുടങ്ങിയ രാഹുല്‍, താന്‍ കോണ്‍ഗ്രസ് നേതാവ് മാത്രമല്ല വയനാട്ടിലെ ഓരോ വോട്ടറുടേയും പ്രതിനിധിയാണന്നും പാര്‍ട്ടിക്ക് അതീതമായി ഓരോരുത്തരുടെയും പ്രതിനിധി ആണെന്നും വ്യക്തമാക്കി.

കാളികാവ് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെ ചോക്കാട് കൂള്‍ബാറില്‍ ചായ കുടിക്കാന്‍ കയറിയ രാഹുല്‍ അല്‍പനേരം നേതാക്കളോടൊപ്പം ചിലവഴിച്ചാണ് നിലമ്പൂരിലേക്ക് യാത്ര തുടര്‍ന്നത്. ചന്തക്കുന്ന് സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ നേതാക്കള്‍ക്കൊപ്പം റോഡ് ഷോ നടത്തിയാണ് ഏറനാട് മണ്ഡലത്തിലേക്ക് തിരിച്ചത്.

നാളെ വയനാട് ജില്ലയിൽ മാത്രം ആറിടങ്ങളിൽ രാഹുൽ വോട്ടർമാരെ നേരിൽ കാണും. കാലത്ത് 9.10 ന് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റര്‍ സന്ദർശിച്ചശേഷം 10 10 ന് കൽപ്പറ്റയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കമ്പളക്കാട് പനമരം മാനന്തവാടി പുൽപ്പള്ളി സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ പൊതുപരിപാടികൾ.

രണ്ടാം ദിവസവും വയനാട്ടിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധി കുട്ടിക്കാലത്ത് തന്നെ പരിചരിച്ച നഴ്സ് രാജമ്മയെ നേരിൽ കാണും. ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് രാഹുലിനെ പര്യടനം. കാലത്ത് പത്തുമണിക്ക് ഈങ്ങാപ്പുഴയിലും 11.20ന് മുക്കത്തും പൊതുപരിപാടികൾ. ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.