LiveTV

Live

Kerala

പത്തനംതിട്ടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

നിപയുടെ ആശങ്ക നിലനിൽക്കുന്നതിനാൽ ജില്ലയിലെ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ തുറന്നു.

പത്തനംതിട്ടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. നിപയുടെ ആശങ്ക നിലനിൽക്കുന്നതിനാൽ ജില്ലയിലെ മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ തുറന്നു. അതേസമയം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്താൻ ഡി.എം.ഒ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ജില്ലയിൽ എച്ച്1 എൻ 1 ഉൾപ്പടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചത് മല്ലപ്പള്ളി താലൂക്കിൽ പനി ബാധിച്ച് മരിച്ചത് രണ്ടാഴ്ചക്കിടെ രണ്ടു പേരാണ്.ഒരു മരണം H1 N1 മൂലമാണെന്ന സംശയത്തെ തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ മണിപ്പാലിലേക്ക് അയച്ചിരിക്കുകയാണ്. പനിയുടെ സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ പ്രത്യേക വാർഡും മരുന്നുകളും ക്രമീകരിച്ചിട്ടുണ്ട്.

മാലിന്യ നിർമ്മാര്‍ജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പങ്കാളികളാകണമെന്ന നിർദ്ദേശം നൽകിയെങ്കിലും പലരും ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്ന വിമർശനം ആരോഗ്യ വകുപ്പിനുണ്ട്. ജില്ലയുടെ വിവിധ ഭാഗക്കളിൽ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുന്നൂറിലധികം പേരാണ് പനിക്ക് മാത്രം കഴിഞ്ഞ ദിവസം ജില്ലയിൽ ചികിത്സ തേടിയത്.