LiveTV

Live

Kerala

വൈറോളജി ലാബും എയിംസും കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

കോഴിക്കോട് വൈറോളജി ലാബ് ആരംഭിക്കണമെന്നും കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വൈറോളജി ലാബും എയിംസും കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

നിപ്പ നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തല്‍. നിപ്പ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിന് അത്യാധുനിക സൗകര്യങ്ങളുള്ള വൈറോളജി ലാബ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ കൂടിക്കാഴ്ച നടത്തിയത്. നിപ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

അതേസമയം നിപ്പ മുക്തമായി എന്ന പ്രഖ്യാപനം ജൂലൈ പകുതിക്ക് ശേഷമേ ഉണ്ടാകൂ. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിപ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവിശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോഴിക്കോട് അത്യാധുനിക സൗകര്യങ്ങളുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണം.

എയിംസിന്റ കേന്ദ്രം കേരളത്തിലനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിക്കണമെന്ന് കേന്ദ്രത്തിന് മുമ്പില്‍ വീണ്ടും മന്ത്രി അവതരിപ്പിച്ചു. രണ്ടിനോടും അനുഭാവ പൂര്‍ണമായാണ് കേന്ദ്രം പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി വ്യക്തമാക്കി.