LiveTV

Live

Kerala

നിപ; കളമശ്ശേരി മെഡിക്കല്‍ കോളേജിലും പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനും പ്രതിരോധത്തിനുമുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനുമുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. 

നിപ; കളമശ്ശേരി മെഡിക്കല്‍ കോളേജിലും പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി

സംസ്ഥാനത്ത് ആലപ്പുഴയ്ക്ക് പിന്നാലെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും നിപ രോഗം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനും പ്രതിരോധത്തിനുമുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താനുമുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നും എറണാകുളം ജില്ലയിലെ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടരും.

നിപ സംശയമുയര്‍ന്നാല്‍ സംസ്ഥാനത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മാത്രമായിരുന്നു പരിശോധനയ്ക്കുള്ള സംവിധാനമുണ്ടായിരുന്നു. ഇന്നലെയാണ് കളമശേരി മെഡിക്കല്‍ കോളേജിലും സംവിധാനമൊരുക്കിയത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെയാണ് പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു. 30 രോഗികളെ ഒരേ സമയം ചികിത്സിക്കാവുന്നതും എക്സ്റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഇ.സി.ജി, വെന്റിലേറ്റര്‍, 24 മണിക്കൂര്‍ നിരീക്ഷണം എന്നീ സൗകര്യങ്ങളും മെഡിക്കല്‍ കോളേജില്‍ തയ്യാറായി.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പഴം തീനി വവ്വാലുകളും പന്നികളുമാണ് നിപ വൈറസുകള്‍ പരത്തുന്നത്. എന്നാല്‍ ഈ ജീവികള്‍ ഇത് പരത്തുന്നത് ഏത് ഘട്ടത്തിലാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം വൈറസിന്റെ ആയുസിനെ കുറിച്ചും പഠനങ്ങള്‍ നടക്കണം. ഇതിനായി മൃഗ സംരക്ഷണ, വനം, കൃഷി വകുപ്പുകള്‍ സംയുക്തമായ ശ്രമങ്ങള്‍ നടത്തണം. ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.