LiveTV

Live

Kerala

പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെന്ന് മൊഴി 

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്നാണ് മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെന്ന് മൊഴി 

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൊല്ലത്തെ ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെന്ന് ക്രൈംബ്രാഞ്ചിന് പ്രകാശന്‍ തമ്പി മൊഴി നല്‍കി. ഡ്രൈവര്‍ അര്‍ജുനെക്കുറിച്ച് നേരത്തേ സംശയം ഉണ്ടായിരുന്നെന്നും സ്വര്‍ണക്കടത്ത് കേസില്‍ തന്നെ കുടുക്കിയതാണെന്നും പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി.

ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തിയാണ് പ്രകാശന്‍ തമ്പിയുടെ മൊഴിയെടുത്തത്. കാക്കനാട് ജയിലില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചെന്ന് പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി.

അപകടത്തില്‍ ഒട്ടനവധി ആശങ്കകള്‍ ഉണ്ടായിരുന്നു. അര്‍ജുനെപറ്റി ആദ്യംമുതലെ സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് കൊല്ലത്ത് കടയില്‍ പോയി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ആരാണ് വണ്ടിയോടിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നാണ് പ്രകാശന്‍ തമ്പിയുടെ മൊഴി.

അപകടത്തിന് ശേഷം അര്‍ജുനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പ്രകാശന്‍ തമ്പി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വര്‍ണകടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്നെ കുടുക്കിയതാണെന്നും ബാലഭാസ്കറുമായി വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ചിനോട് മൊഴി നല്‍കിയിട്ടുണ്ട്.