LiveTV

Live

Kerala

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണം ശബരിമലയെന്ന് സി.പി.ഐ

മോദി വീണ്ടും വരുമെന്ന ഭയത്താല്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യു.ഡി.എഫിന് വോട്ട് ചെയ്തുവെന്നും

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണം ശബരിമലയെന്ന് സി.പി.ഐ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പ്രധാനകാരണങ്ങളിലൊന്ന് ശബരിമല വിഷയമാണെന്ന് സി.പി.ഐയും. വനിത മതിലിന് പിന്നാലെ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണെന്ന പ്രതീതിയുണ്ടായെന്നും, ഇതിന് തോല്‍വിയുടെ ആക്കം കൂട്ടിയെന്നും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരായ വികാരവും ഫലത്തെ സ്വാധീനിച്ചുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം വിലയിരുത്തലിന് പിന്നാലെയാണ് സി.പി.ഐയും സമാനമായ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. സി.പി.ഐ സംസ്ഥാന നിര്‍വ്വാഹകസമിതി യോഗത്തില്‍ കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ശബരമലയാണെന്ന് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. സവര്‍ണഹിന്ദുക്കളാണ് ഇടതുമുന്നണിക്കെതിരേ രംഗത്തു വന്നത്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും പ്രചരണങ്ങള്‍ ഇതിന് ആക്കംകൂട്ടി. ഇതോടെ വിശ്വാസസമൂഹം ഒന്നാകെ ഇടത് മുന്നണിക്കെതിരായി വോട്ട് ചെയ്തുവെന്നും ഇതാണ് കനത്ത പരാജയത്തിന്റെ കാരണങ്ങളിലൊന്ന് എന്നും റിപ്പോര്‍ട്ടിലുണ്ട്.

വനിത മതിലിന്റെ പിറ്റേദിവസം രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് സര്‍ക്കാര്‍ ആസൂത്രണത്തിന്റെ ഭാഗമായിട്ടാണെന്ന് വികാരമുണ്ടായി. ആക്ടിവിസ്റ്റുകളെ മലയില്‍ കയറ്റി എന്നപ്രചരണം വിശ്വാസികളെ സ്വാധീനിച്ചു.സര്‍ക്കാരിനെതിരായ വികാരത്തിന് പ്രധാനകാരണമിതാണെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ശൈലിക്കെതിരായ വികാരവും ഫലത്തെ സ്വാധീനിച്ചു. വികസനകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നെങ്കിലും ധാര്‍ഷ്ട്യം നിറഞ്ഞ ശൈലിയാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ശബരിമലയ്‌ക്കൊപ്പം ഇതും ജനങ്ങള്‍ പരിഗണിച്ചെന്ന് അഭിപ്രായമുണ്ടായി. കൂടാതെ മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യു.ഡി.എഫിന് വോട്ട് ചെയ്തതും പരാജയകാരണമായി സി.പി.ഐ കണക്ക് കൂട്ടുന്നുണ്ട്.