LiveTV

Live

Kerala

നിപ ഭീതിയൊഴിയുന്നു: ചികിത്സയില്‍ കഴിയുന്ന ഏഴ് പേര്‍ക്കും നിപയില്ല 

രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ് നിപയില്ലെന്ന് സ്ഥിരീകരിച്ച ഏഴു പേരില്‍ 3 പേര്‍

നിപ ഭീതിയൊഴിയുന്നു: ചികിത്സയില്‍ കഴിയുന്ന ഏഴ് പേര്‍ക്കും നിപയില്ല 

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടു പേരില്‍ എഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളജിലും നിപ പരിശോധനക്കുള്ള ലാബ് പ്രവര്‍ത്തന സജ്ജമായി.

രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ് നിപയില്ലെന്ന് സ്ഥിരീകരിച്ച ഏഴു പേരില്‍ 3 പേര്‍. ഇന്ന് പ്രവേശിപ്പിച്ചയാളുടെ സാംബിളുകളും പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് നിപ ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് കളമശ്ശേരിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥിരീകരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജിലേതുള്‍പ്പെടെ നിലവില്‍ എട്ട് പേരാണ് ഐസോലേഷന്‍ വാര്‍ഡിലുള്ളത്. ഇവരെ ഇന്‍ക്യുബേഷന്‍ പിരീഡ് പൂര്‍ത്തിയാകും വരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ല. മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ നിപരോഗം സ്ഥീതികരിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രോഗി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. എന്നാല്‍ രോഗിയുമായി ഇടപഴകിയവരുടെയെണ്ണം 318 ആയി വര്‍ധിച്ചു. ഇതില്‍ 41 പേര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിപ നിയന്ത്രണവിധേയമാണെന്നും ജാഗ്രതാനടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് എറണാകുളം ജില്ലയില്‍ നടത്തുന്നത്.