LiveTV

Live

Kerala

നിപയെ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും

വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്.

 നിപയെ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്. എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ഇന്ന് പ്രത്യേക പരിശീലനവും നല്‍കും.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ ദിവസം തന്നെ തീരുമാനമെടുത്തിരുന്നു. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം വഴിയാണ് ഏകോപിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന് പുറമേ വനം, മൃഗ സംരക്ഷണം, തൊഴില്‍ വകുപ്പുകള്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിപ ബാധിതനായ വിദ്യാര്‍ഥിയുടെ സ്വദേശമായ വടക്കേക്കരയിലും പരിസര പ്രദേശങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ പനി, മറ്റ് ഗുരുതര ലക്ഷണങ്ങളോടെയെത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫര്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തുള്‍പ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിപ നേരിടുന്നത് സംബന്ധിച്ച പരിശീലനം നല്‍കി. എറണാകുളം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് ഇന്ന് പരിശീലനം നല്‍കാനും തീരുമാനിച്ചു.