LiveTV

Live

Kerala

നിപ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ അവലോകനയോഗം

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമാണ് നാളെ ഉന്നതതലയോഗം ചേരുന്നത്.

നിപ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ അവലോകനയോഗം

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയിലാണ് യോഗം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വിദഗ്ധര്‍ നാളെ കേരളത്തിലെത്തും.

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമാണ് നാളെ ഉന്നതതലയോഗം ചേരുന്നത്. നാളെ ഉച്ചക്ക് മൂന്ന് മണിക്ക് എറണാകുളം കലക്ട്രേറ്റിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും.

നിപയുടെ ഉറവിടം തേടിയുള്ള പരിശോധന തുടരുകയാണ്. മൃഗ സംരക്ഷണ വകുപ്പിന്‍റെയും വനംവകുപ്പിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പക്ഷിമൃഗാദികളെ വളര്‍ത്തുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും അസ്വസ്ഥത കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള ക്രമീകരണവും സജ്ജമാണ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ഭോപ്പാലിലുള്ള ഹൈ സെക്യൂരിറ്റി അനിമല്‍ ഡീസിസ് ഡയഗ്നോസിസ് ലാബില്‍ നിന്നുള്ള വിദഗ്ധര്‍ നാളെ എറണാകുളത്തെത്തും. ബാംഗ്ലൂരിലുള്ള സതേണ്‍ റീജിണല്‍ ഡയഗ്നോസിസ് ലാബില്‍ നിന്നുള്ള വിദഗ്ധരും നാളെ സ്ഥലത്ത് എത്തുന്നുണ്ട്.

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള വിദഗ്ധര്‍ മൂന്ന് ജില്ലകളിലും പരിശോധന തുടരുകയാണ്. മെഡിക്കല്‍ കോളജുകളിലും എല്ലാ ആശുപത്രികളിലും ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ബോധവത്കരണവും നടത്തുന്നുണ്ട്.