LiveTV

Live

Kerala

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബമാണ് പരാതി നല്‍കിയിരിക്കുന്നത് 

എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

ഉക്രൈനില്‍ എം.ബി.ബി.എസ് പഠനത്തിനായി സീറ്റ് വാഗ്ദാനം ചെയ്ത് ഏജന്റ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി.കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബമാണ് പരാതി നല്‍കിയിരിക്കുന്നത്. പലരും ഈ ഏജന്റ് മുഖാന്തിരം കബളിക്കപ്പെട്ടതായി പരാതിയുണ്ട്.

മകള്‍ നീറ്റ് പരീക്ഷ പാസായ ഉടന്‍ പുതിയങ്ങാടി സ്വദേശിയായ കൃഷ്ണന്‍കുട്ടിയേയും ഭാര്യ സബിതേയയും ഏജന്റ് ഫോണില്‍ വിളിച്ച് എം.ബി.ബി.എസ് പഠനത്തിന് സൌകര്യമേര്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു.ചൈനയില്‍ സീറ്റ് ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി മൂന്ന് ലക്ഷം രൂപയോളം ഇവരില്‍ നിന്നും വാങ്ങി.എന്നാല്‍ ചൈനയില്‍ സീറ്റ് ഒഴിവില്ലെന്നും ഉക്രൈനിലെ യൂണിവേഴ്സിറ്റിയില്‍ സീറ്റ് വാങ്ങി നല്‍കാമെന്നും പറഞ്ഞ് ആറു ലക്ഷം രൂപ കൂടി വാങ്ങിയെടുത്തതായാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് ഏജന്റിന്റെ ആളുകള്‍ കുട്ടിക്ക് ഉക്രൈനിലെ ഡൊണാസ്ക് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം വാങ്ങി നല്‍കി.എന്നാല്‍ അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റിയാണെന്ന് പിന്നീടാണ് അറിഞ്ഞത്.

തട്ടിപ്പ് മനസിലായതോടെ രക്ഷിതാക്കള്‍ ഏജന്റിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഉക്രൈനിലെ മലയാളി വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി അവിടെ കഴിയുന്നത്.സ്വര്‍ണം പണയം വെച്ചും പലരില്‍ നിന്നായി കടം വാങ്ങിയുമാണ് ഒമ്പത് ലക്ഷം രൂപ ഏജന്റിന് നല്‍കിയത്. ഏജന്റായ തിരൂര്‍ സ്വദേശി റസീന്‍ താപ്പിക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.