LiveTV

Live

Kerala

പുത്തന്‍ മാറ്റങ്ങളുമായി പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നു

ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ദിവസം അധ്യയനം തുടങ്ങുമ്പോൾ ഡയറക്ട്രേറ്റും ഒന്നാവുകയാണ്.

 പുത്തന്‍ മാറ്റങ്ങളുമായി പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നു

സംസ്ഥാന സ്കൂൾ വിദ്യഭ്യാസ ചരിത്രത്തിലെ വലിയ മാറ്റങ്ങളുമായാണ് ഈ വർഷം അധ്യയനം തുടങ്ങുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ദിവസം അധ്യയനം തുടങ്ങുമ്പോൾ ഡയറക്ട്രേറ്റും ഒന്നാവുകയാണ്. പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസ ഏകീകരണത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ സമരവും ആരംഭിക്കുന്നുണ്ട്.

പതിവുകൾ തെറ്റിച്ച് ഹയർ സെക്കണ്ടറി പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചാണ് ഒരേ ദിവസം തന്നെ അധ്യനം ആരംഭിക്കാകുന്നത്. വിവാദങ്ങളും പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും ഖാദർ കമ്മിറ്റി ശിപാർശയനുസരിച്ച് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റ് എന്ന ഒറ്റ കേന്ദ്രത്തിന് കീഴിൽ ആരംഭിക്കുകയാണ്. പരീക്ഷകളും ഇനി ഈ കേന്ദ്രത്തിന് കീഴിലാകും. ഈ പ്രത്യേകതകൾക്കൊപ്പം അധ്യയനം സുഗമമാകുന്നതിന് നിരവധി മറ്റ് മാറ്റങ്ങൾക്കും വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു.

പാഠപുസ്തക വിതരണം പൂർത്തിയാക്കി, 8,43,509 വിദ്യാർഥികൾക്ക് സൌജന്യ യൂണിഫോമും നൽകി. 45,000 ക്ലാസ് മുറികൾ ഡിജിറ്റലാക്കി, പ്രൈമറി ക്ലാസുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്ക് ഈ വർഷം തുടക്കമാകും. കുട്ടികളുടെ പഠനക്കുറിപ്പുകൾ ഡിജിറ്റൽ പോർട്ട് പോളിയോ ആയി സൂക്ഷിക്കും. ഹയർ സെക്കണ്ടറിവരെ 203 ഉം വൊക്കേഷണൻ ഹയർസെസക്കണ്ടറിയിൽ 226 ഉം അധ്യന ദിവസങ്ങൾ ഉറപ്പാക്കിയാണ് പഠന വർഷം ആരംഭിക്കുന്നത്. സ്കൂളുകൾക്ക് മാത്രം നൽകിയിരുന്ന വിദ്യാലയ കലണ്ടർ ഇക്കുറി വിദ്യാർഥികൾക്കും നൽകും. ഇതിനിടയിൽ വിദ്യാഭ്യാസ ഏകീകരണത്തിനെതിരെ യു.ഡി.എഫ് അനുകൂല സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്. ആഘോഷ പൂർവം നടത്തുന്ന പ്രവേശനോൽസവം സംസ്ഥാന ജില്ലാ തലങ്ങളിൽ ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.