LiveTV

Live

Kerala

കേരള കോൺഗ്രസ് എമ്മിലെ തർക്കം: സമവായ ചര്‍ച്ചകള്‍ വഴിമുട്ടുന്നു

ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പ് വേണ്ടെന്നാണ് ജോസ് കെ മാണി അനുകൂലികളുടെ നിലപാട്.

കേരള കോൺഗ്രസ് എമ്മിലെ തർക്കം: സമവായ ചര്‍ച്ചകള്‍ വഴിമുട്ടുന്നു

കേരള കോൺഗ്രസ് എമ്മിലെ തർക്കത്തിൽ സമവായ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. സമവായത്തിന് തയ്യാറാണെങ്കിലും ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പ് വേണ്ടെന്നാണ് ജോസ് കെ മാണി അനുകൂലികളുടെ നിലപാട്. പി.ജെ ജോസഫിന്റെ ആവശ്യങ്ങളെ പൂർണ്ണമായും തള്ളി പാര്‍ട്ടിയില്‍ സ്വാധീനം ശക്തമാക്കാനുള്ള നീക്കങ്ങളാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. വിമത നീക്കം ആരോപിക്കുമെന്നതിനാൽ ജോസഫ് പക്ഷത്തെ ജോസ് കെ മാണി വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.

സംസ്ഥാന കമ്മറ്റി വിളിക്കാതെ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് പി.ജെ ജോസഫ് നടത്തുന്നത്. എന്നാൽ ഈ നീക്കങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് മുന്നോട്ടു പോകാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പദ്ധതി. ചെയർമാൻ സ്ഥാനം വിട്ട് നല്കിയുള്ള ചർച്ചകൾ വേണ്ടെന്നാണ് ഇവരുടെ തീരുമാനം. വര്‍ക്കിംഗ് ചെയര്‍മാന്‍ പദവി നല്‍കാമെന്ന ജോസഫ് ഗ്രൂപ്പിന്റെ വാഗ്ദാനം ജോസ് കെ മാണി വിഭാഗം അംഗീകരിക്കുന്നുമില്ല.

പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാനൊരുങ്ങുന്ന ജോസഫിന് മുന്നില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കാണെങ്കില്‍ മാത്രം എത്താമെന്ന നിലപാടിലാണ് മാണി വിഭാഗം. എന്നാൽ സംസ്ഥാന സമിതി വിളിക്കുന്നതിന് മുൻപ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ജോസഫ് പക്ഷം. പാര്‍ട്ടി പിളര്‍പ്പിലേക്കെത്തിയാല്‍ പരമാവധി പേരെ ഒപ്പം നിര്‍ത്താനാണ് ജോസ കെ മാണിയുടെ പദ്ധതി. സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെ ജില്ലാ ഭാരവാഹികളെയും നേരില്‍ കണ്ട് മാണി വിഭാഗം പിന്തുണ തേടുന്നുണ്ട്. ഗ്രൂപ്പ് മാനേജരായ മോന്‍സ് ജോസഫ് തിരിച്ചെത്തിയതോടെ ജോസഫ് പക്ഷത്തുനിന്നും വരും ദിവസങ്ങളില്‍ നിര്‍ണായക നീക്കങ്ങളുണ്ടാകും.