LiveTV

Live

Kerala

വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാള്‍ ആഘോഷം

സര്‍വ്വവും സ്രഷ്ടാവില്‍ അര്‍പ്പിച്ച വ്രതാനുഷ്ഠാനത്തിന്‍റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് വിശ്വാസ ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാള്‍ ആഘോഷം

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. 30 നോമ്പുകളുടെ പുണ്യം നേടിയാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടന്നത്. പെരുന്നാള്‍ നമസ്കാരത്തിനായി വിപുലമായ സൌകര്യങ്ങള്‍ വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും ഒരുക്കിയിരുന്നു.

സര്‍വ്വവും സ്രഷ്ടാവിലര്‍പ്പിച്ച വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ് വിശ്വാസികള്‍. രാവിലെ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മര്‍ക്കസ് പള്ളിയില്‍ നടന്ന നമസ്കാരത്തിന് ഡോ. അബ്ദുള്‍ ഹക്കീം അല്‍ കാന്തിയും മൊയ്തീന്‍പള്ളിയില്‍ ഡോ. ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കി. മലപ്പുറം വാഴക്കാട് മസ്ജിദുല്‍ മുബാറക്കില്‍ നടന്ന ഈദ് ഗാഹിന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലി നേതൃത്വം നല്‍കി. പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

കൊച്ചിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലും പെരുന്നാൾ ആഘോഷങ്ങൾക്ക് ഒട്ടും മങ്ങലേറ്റില്ല. വൈറ്റില, കലൂർ, കടവന്ത്ര തുടങ്ങിയ ഇടങ്ങളിൽ പെരുന്നാള്‍ നമസ്കാരത്തിനായി നിരവധി വിശ്വാസികൾ എത്തി. സിനിമാ താരം മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ എന്നിവർ കടവന്ത്രയിലെ സലഫി ജുമാ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പാളയം ഇമാം വി.പി സുഹൈബ് മൗലവി നേതൃത്വം നൽകി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പെരുന്നാൾ നമസ്കാരത്തിന് മുജാഹിദ് ബാലുശേരിയും മണക്കാട് ഹൈസ്കൂളിൽ നടന്ന നമസ്കാരത്തിന് ഇ.കെ സുജാദ് മൗലവിയും നേതൃത്വം നൽകി.