LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണം അപകട മരണമല്ലെന്ന് കലാഭവന്‍ സോബി

അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി

ബാലഭാസ്കറിന്‍റെ മരണം അപകട മരണമല്ലെന്ന് കലാഭവന്‍ സോബി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കലാഭവന്‍ സോബിയുടെ മൊഴി രേഖപ്പെടുത്തി. അപകടസസ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു. കേസില്‍ രണ്ട് തരത്തിലുള്ള മൊഴിയാണ് ബാലഭാസ്‌കറിന്റെ ഭാര്യയും പിതാവും നല്‍കിയത്.

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് രണ്ട് പേര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കലാഭവന്‍ സോബി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ സോബി മൊഴിയില്‍ ആവര്‍ത്തിച്ചു.

സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസില്‍ ഇന്നലെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. പ്രകാശന്‍ തമ്പി മാനേജരായിരുന്നില്ലെന്നും ചില പരിപാടികളുടെ കോഡിനേറ്റര്‍ മാത്രമായിരുന്നെന്നുമാണ് ലക്ഷ്മിയുടെ മൊഴി.

പ്രകാശന്‍ തമ്പി മാനേജറായിരുന്നെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി മൊഴി നല്‍കി. പാലക്കാട്ടെ ഒരു ആശുപത്രിയുടെ നടത്തിപ്പുകാര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബാലഭാസ്‌കറിന്റെ പിതാവ് വീണ്ടും രംഗത്തെത്തി.