LiveTV

Live

Kerala

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു 

പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു 

എറണാകുളത്ത് ചികിത്സയില് കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. രോഗിയെ പരിചരിച്ച നഴ്സുമാരിൽ രണ്ടു പേർക്കും അടുത്തിടപഴകിയ രണ്ടു പേർക്കും അടക്കം നാല് പേർക്ക് പനി ബാധിച്ചിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. 86 പേര് ആരോഗ്യവകുപ്പിന്റെ പൂര്‍ണനിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോഴിക്കോട് മുൻ കലക്ടർ യു.വി ജോസ് പ്രത്യേക സംഘത്തിനൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു.

കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

നിപ; അടിയന്തര യോഗം ചേർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

നിപയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ആരോഗ്യ സെക്രട്ടറി അടക്കമുള്ളവരുമായി യോഗം ചേർന്നു. കേന്ദ്രത്തില് നിന്നുള്ള ആറു ഉന്നത ഉദ്യോഗസ്ഥർ കേരളത്തിലെത്തിയെന്നും കേരളത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.വിമാനമാര്‍ഗം മരുന്ന് കേരളത്തിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഹര്‍ഷവര്‍ധനന്‍ പറഞ്ഞു.