LiveTV

Live

Kerala

നിപ റിപ്പോർട്ടിംഗിനെ കുറിച്ച് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ്

ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവണ്‍മെന്റിന്റെ അനുമതി കാത്തുനില്‍ക്കാന്‍ മീഡിയവണ്‍ സര്‍ക്കാര്‍ ഗസറ്റല്ല

നിപ റിപ്പോർട്ടിംഗിനെ കുറിച്ച് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ്

കേരളത്തില്‍ ഒരിക്കല്‍കൂടി നിപ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ആലപ്പുഴ, മണിപ്പാല്‍, പൂനെ എന്നീ കേന്ദ്രങ്ങളിലെ പരിശോധനാ ഫലം അനുസരിച്ചാണ് ഇന്ന് രാവിലെ 10 മണിയോടെ സംസ്ഥാന സര്‍ക്കാര്‍ രോഗ വിവരം പരസ്യപ്പെടുത്തിയത്. പൂനെ, മണിപ്പാല്‍ ലാബുകളിലെ പരിശോധനാ ഫലമാണ് ഔദ്യോഗിക സ്ഥിരീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആശ്രയിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇന്നലെ രാവിലെ തന്നെ മീഡിയവണിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെന്ന വാര്‍ത്ത തിങ്കളാഴ്ച പകല്‍ 10 മണിക്ക് മീഡിയവണ്‍ പുറത്തുവിട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ മീഡിയവണിനെതിരെ ഒരു പ്രത്യേക സ്വഭാവത്തില്‍ സംഘടിത ആക്രമണമുണ്ടായി. സര്‍ക്കാര്‍ സ്ഥിരീകരണം വരുംവരെ മാത്രമേ ആയുസ്സുള്ളു എന്നുറപ്പുണ്ടായിട്ടും വൈരാഗ്യബുദ്ധിയോടെ നടത്തിയ ആക്രമണത്തെ മീഡിയവണ്‍ പൂര്‍ണമായി അവഗണിക്കുകയാണ്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ 'നിപ' സംശയമുണ്ടായത് മുതലുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ മീഡിയവണിന് ലഭിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ലാബിലാണ് ആദ്യ പരിശോധന നടത്തിയത്. പൂനെയില്‍ നടത്തുന്ന അതേ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍) ടെസ്റ്റ് തന്നെ. അത് പോസിറ്റീവ് ആണെന്ന വിവരം ഞായറാഴ്ച രാവിലെ തന്നെ മീഡിയവണിന് ലഭിച്ചു. ഇതേതുടര്‍ന്നാണ് ആലപ്പുഴ, മണിപ്പാല്‍, പൂനെ ലാബുകളിലേക്ക് ആരോഗ്യ വകുപ്പ് സാമ്പിള്‍ അയക്കുന്നത്. അപ്പോഴൊന്നും ഒരു വാര്‍ത്തയും മീഡിയവണ്‍ കൊടുത്തില്ല. പൂനെയിലെ പരിശോധനാഫലം ഞായറാഴ്ച രാത്രി 10 മണിയോടെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നീട്, രാത്രി വൈകിയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായില്ല. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിപ സ്ഥിരീകരിച്ചുവെന്ന വിവരം തിങ്കളാഴ്ച രാവിലെ 6 മണിയോടെ മീഡിയവണിന് ലഭിച്ചു. അവിടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അതിരാവിലെ ലഭിച്ചിട്ടും പല തലത്തില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം രാവിലെ 10 മണിക്കാണ് മീഡിയവണ്‍ വാര്‍ത്ത പുറത്തുവിടുന്നത്. പൂനെ ലാബിലെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമായിരുന്നു വാര്‍ത്തയുടെ അടിസ്ഥാനം. 24 മണിക്കൂര്‍ വൈകിയാണെങ്കിലും നിപ സ്ഥിരീകരിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ആ വാര്‍ത്ത ശരിവക്കുന്നു. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിക്കും വരെ കാത്തിരുന്നതിനാലാകണം സര്‍ക്കാര്‍ സ്ഥിരീകരണം വൈകിയത്. എന്നാല്‍ ശരിയായ വാര്‍ത്ത നിഷേധിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ സര്‍ക്കാരും ശ്രദ്ധിച്ചു. വിവരം കിട്ടിയപാടേ കൊടുക്കുകയല്ല, സംശയരഹിതമായി സ്ഥിരീകരിക്കുംവരെ കാത്തിരിക്കുകയാണ് മീഡിയവണും ചെയ്തത്.

നിപ റിപ്പോർട്ടിംഗിനെ കുറിച്ച് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ്

വൈറസ് ബാധിതര്‍ വ്യവഹരിക്കുന്ന സ്ഥലങ്ങളിലെല്ലാം പടരാന്‍ സാധ്യതയുള്ള രോഗമാണ് നിപ. ജനങ്ങള്‍ സ്വയമെടുക്കുന്ന മുന്‍കരുതലുകളും ജാഗ്രതയുമാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാന വഴി. അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് ശരിയായ വിവരം യഥാസമയം അറിയേണ്ടവരിലെത്തണം. ആ ദൗത്യമാണ് മീഡിയവണ്‍ നിര്‍വഹിച്ചത്. ഏറ്റവും സൂക്ഷ്മതയോടെ, ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തില്‍ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചതും. രോഗം സ്ഥിരീകരിച്ചുവെന്ന വിവരം പ്രാഥമിക ഉറവിടത്തില്‍നിന്ന് ഉറപ്പിച്ച ശേഷവും അത് ജനങ്ങളെ അറിയിക്കാതിരിക്കുക എന്നത് ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്ന നടപടിയല്ല.

ജനമാകെ ദുരന്ത ഭീതിയില്‍ അകപ്പെടുന്ന സവിശേഷ സന്ദര്‍ഭങ്ങളില്‍ വാര്‍ത്തകള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയവണ്‍ പലവട്ടം തെളിയിച്ചതാണ്. ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയടക്കം നിരവധിപേര്‍ ഇക്കാര്യം പൊതുസമൂഹത്തോട് പങ്കുവച്ചിട്ടുമുണ്ട്. ഈ സൂക്ഷ്മതയും ജാഗ്രതയും എല്ലാവാര്‍ത്തയിലും കാത്തുസൂക്ഷിക്കുന്നുവെന്നതിനാലാണ് കുറഞ്ഞകാലംകൊണ്ട് മീഡിയവണ്‍ മലയാളികളുടെ വിശ്വസ്ത ചാനലായി മാറിയത്. ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവണ്‍മെന്റിന്റെ അനുമതി കാത്തുനില്‍ക്കാന്‍ മീഡിയവണ്‍ സര്‍ക്കാര്‍ ഗസറ്റല്ല എന്ന കാര്യവും ഇതോടൊപ്പം ഓര്‍മിപ്പിക്കട്ടെ. വാര്‍ത്താ വിനിമയത്തിന്റെ സ്വയംനിര്‍മിത സിദ്ധാന്തങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായി പ്രചരിപ്പിച്ച് ചാനലിനെ നിശ്ശബ്ദമാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. വംശീയതയുടെ വിഷ ബീജങ്ങള്‍ പേറുന്ന പ്രചാരണങ്ങള്‍ ഞങ്ങള്‍ക്ക് മനസിലാവുന്നുണ്ട്. ഒരുതരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങുകള്‍ക്കും വഴങ്ങാന്‍ ഉദ്ദേശിക്കുന്നുമില്ല.

നീതിയുടെ, ജനങ്ങളുടെ പക്ഷത്ത് എപ്പോഴും നില്‍ക്കാന്‍ കഴിയണം എന്നാണ് പ്രാര്‍ഥന.

സി.എല്‍ തോമസ്, എഡിറ്റര്‍ ഇന്‍ ചീഫ്, മീഡിയവണ്‍