LiveTV

Live

Kerala

നിപ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി 

രോഗബാധയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണം ഉൾപ്പടെയുളള വകുപ്പുകൾക്ക് നിർദേശം നൽകി.

 നിപ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി 

സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സർക്കാർ. രോഗബാധയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണം ഉൾപ്പടെയുളള വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ കരുതൽ നടപടികളും ആരംഭിച്ചു കഴിഞ്ഞു.

നിപ ബാധ സംശയിച്ചതിന് പിന്നാലെ തന്നെ മുൻകരുതലെന്ന നിലയിൽ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിൻറ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. നിപ ഔദ്യോഗികമായ സ്ഥിരികരിച്ചതോടെ രോഗത്തിൻറെ ഉറവിടം കണ്ടെത്താനുളള ശ്രമങ്ങളും വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ്, വെറ്റിനറി സർവകലാശാല, വനം-വന്യജീവി വകുപ്പ് എന്നിവർക്ക് ഇതിനുളള നിർദേശം സർക്കാർ നൽകിക്കഴിഞ്ഞു.

മൃഗ സംരക്ഷണ വകുപ്പിൻറെയും വെറ്റിനറി സർവകലാശാലയുടേയും പ്രത്യേക സംഘം രോഗബാധിതനായ വിദ്യാർത്ഥി തൃശൂരിൽ താമസിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കും. ഉറവിടം കണ്ടെത്തുന്നതിനൊപ്പം രോഗത്തിൻറെ വ്യാപനം തടയാനുളള നടപടികളും സംഘം കൈക്കൊളളും. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുറക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍, ഡി.എം.ഒ എന്നിവരുമായി യോജിച്ചാകും മൃഗസംരക്ഷണ വകുപ്പിന്റെയും പ്രവര്‍ത്തനം.

എല്ലാ ജില്ലയിലും ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഇവിടെ പൊതുജനങ്ങൾക്ക് സംശയങ്ങൾ പരിഹരിക്കുന്നതിനുളള സൌകര്യമുണ്ടാകും. രോഗബാധിതനായ വിദ്യാർത്ഥി യാത്ര ചെയ്തതായി സംശയിക്കുന്ന ജില്ലകളിലും ആരോഗ്യവകുപ്പ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാറും ആരോഗ്യ വകുപ്പും പൂർണ്ണസജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസംഘത്തിൻറ കൂടി നിർദേശങ്ങൾ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി അറിയിച്ചു.