LiveTV

Live

Kerala

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; പനി ബാധിച്ച അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

യുവാവിന്‍റെ സുഹൃത്തടക്കം നാല് പേരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പനി കുറഞ്ഞെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; പനി ബാധിച്ച അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായി ആരോഗ്യ മന്ത്രി. ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പനി കുറഞ്ഞെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.

നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്സുമാർക്ക് പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹൃത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുകയാണ്. നിപ സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കലക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനമെന്നും മന്ത്രി അറിയിച്ചു. വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന എയിംസില്‍ നിന്നുള്ള സംഘം നടത്തും. ആസ്ത്രേലിയയില്‍ നിന്ന് നാളെ കൂടുതല്‍ മരുന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

നിപ ബാധിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 311 പേര്‍ നിരീക്ഷണത്തിലാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.