LiveTV

Live

Kerala

സംസ്ഥാനത്ത് വീണ്ടും നിപ; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു 

സംസ്ഥാനത്ത് വീണ്ടും നിപ; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധ. നിപ പോസിറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ റിപോര്‍ട്ടിന്റെ ഉള്ളടക്കം മീഡിയവണ്‍ പുറത്തുവിട്ടു. ആലപ്പുഴയിലെ ലാബിലെ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ വടക്കേക്കര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗം സംശയിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി ബാംഗളുരുവിലെ സ്വകാര്യ ലാബില്‍ സാംപിളുകള്‍ ആദ്യം പരിശോധനക്ക് അയച്ചു. ഇതില്‍ നിപ കണ്ടെത്തിയതോടെ സ്വകാര്യ ആശുപത്രി വിവരം ആരോഗ്യ വകുപ്പിന് കൈമാറി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വീണ്ടും പരിശോധനകള്‍. സാംപിളുകള്‍ ആലപ്പുഴയിലേക്കും പൂനയിലേക്കും മണിപ്പാലിലേക്കും അയച്ചു. ആലപ്പുഴയിലെ പരിശോധനയിലും നിപ തന്നെയെന്ന് കണ്ടെത്തല്‍. ഇന്ന് രാവിലെ പുനെ വൈറോളജി ലാബും നിപ സ്ഥിരീകരിച്ചുള്ള വിവരം സംസ്ഥാന ആരോഗ്യ വകുപ്പിന് അനൌദ്യോഗികമായി കൈമാറി. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കമാണ് മീഡിയവണ്‍ പുറത്തുവിട്ടത്.

യുവാവിന്‍റെ ശരീരത്തില്‍ നിപ പോസിറ്റീവാണെന്നാണ് റിപോര്‍ട്ട്. സമാനമായ റിപോര്‍ട്ട് തന്നെയാണ് മണിപ്പാല്‍ ലാബിന്റെതെന്നുമാണ് സൂചനകള്‍. പക്ഷേ മണിപാലില്‍ നിന്നുള്ള റിപോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് കൂടി ലഭിച്ച ശേഷമായിരിക്കും നിപ ബാധ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുക.