LiveTV

Live

Kerala

നിപ വൈറസ്; സംസ്ഥാനത്ത് 50 പേര്‍ നിരീക്ഷണത്തില്‍

വൈറസിന്റെ ഉറവിടം തൃശൂരല്ലെന്നും ഡി.എം.ഒ ഡോ. റീന പറഞ്ഞു . രോഗം സ്ഥിരീകരിച്ച യുവാവ് തൃശൂരിലാണ് ആദ്യം ചികിത്സ തേടിയെത്തിയത് .

 നിപ വൈറസ്; സംസ്ഥാനത്ത് 50 പേര്‍ നിരീക്ഷണത്തില്‍

എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 50 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരില്‍ 34 പേര്‍ തൃശൂര്‍ സ്വദേശികളാണ് . വൈറസിന്റെ ഉറവിടം തൃശൂരല്ലെന്നും ഡി.എം.ഒ ഡോ. റീന പറഞ്ഞു . രോഗം സ്ഥിരീകരിച്ച യുവാവ് തൃശൂരിലാണ് ആദ്യം ചികിത്സ തേടിയെത്തിയത് .

പനിയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 21 ആം തിയതിയാണ് പറവൂര്‍ സ്വദേശിയായ യുവാവ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയത് . രോഗം കുറയാതെ വന്നതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായെത്തി. 25 ആം തീയതി തിരിച്ചുപോയി. പിന്നീടാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. യുവാവ് എത്തുമ്പോഴേ അസുഖമുണ്ടായിരുന്നുവെന്നും അതിനാല്‍ മറ്റിടത്ത് നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവുമായി നേരിട്ട് ഇടപഴകിയവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ് .ഇവരില്‍ ആറ് പേരുടെ രക്ത സാമ്പിളുകള്‍ ആലപ്പുഴയിലെ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തൃശൂര്‍ ഡി.എം.ഒ ഡോ റീന പറഞ്ഞു. മെഡിക്കല്‍ കോളജിലും തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡുകളും സജ്ജീകരിച്ചു . യുവാവ് ചികിത്സ തേടിയ രണ്ട് സ്വകാര്യ ആശുപത്രിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവാവ് പഠിക്കുന്ന ഇടുക്കിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.