LiveTV

Live

Kerala

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത റാഷിദ് അബ്ദുല്ല അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി സൂചന

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത റാഷിദ് അബ്ദുല്ല അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി സൂചന

ഐ.എസ് റിക്രൂട്ട്മെന്റിന്റെ കേരളത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഒരു മാസം മുന്പ് റാഷിദ് കൊല്ലപ്പെട്ടെന്നാണ് ഐ.എസ് ആശയം പ്രചരിപ്പിക്കുന്ന ടെലിഗ്രാം ഗ്രൂപ്പ് വഴിയുള്ള സന്ദേശം. രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടെന്നും വിവരമുണ്ട്.

ഐ.എസ് ആശയപ്രചരണം പ്രധാനമായും റാഷിദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം വഴിയായിരുന്നു ടെലിഗ്രാം ആപ് ഗ്രൂപ്പില്‍ വന്നിരുന്നത്. രണ്ട് മാസത്തോളമായി ഗ്രൂപ്പില്‍ റാഷിദിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് മെയ് 22 ന് റാഷിദ് അബ്ദുല്ല ഒരു മാസം മുന്പ് കൊല്ലപ്പെട്ടതായുള്ള സന്ദേശം ടെലിഗ്രാം ഗ്രൂപ്പില്‍ എത്തുന്നത്. തുടര്‍ന്ന് മെയ് 28 ന് കൂടുതല്‍ വിശദാംശങ്ങളും. ഇത് പ്രകാരം അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ റാഷിദ് അടക്കമുള്ള രണ്ട് കുടുംബങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് വിശദീകരിക്കുന്നു.

ഇതില്‍ മൂന്ന് പേര്‍ ഇന്ത്യാക്കാരാണെന്നും രണ്ട് പേര്‍ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളാണെന്നും സന്ദേശത്തിലുണ്ട്. നാല് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടവെന്ന സൂചനകള്‍ ശക്തമായത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി എന്‍.ഐ.എ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിലെ ഖൊറാസോണ്‍ മേഖലയിലായിലാണ് റാഷിദും സംഘവും ഉള്ളതെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ വിവരം. 2016 ലാണ് റാഷിദും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയത്. കേരളത്തില്‍ നിന്നും 21 പേരെ ഐ.എസിലേക്ക് എത്തിച്ചതില്‍ പ്രധാനി റാഷിദ് അബ്ദുല്ലയാണെന്നായിരുന്നു എന്‍.ഐ.എ കണ്ടെത്തല്‍.