LiveTV

Live

Kerala

എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടിച്ച സ്വര്‍ണം കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. 

 എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

എറണാകുളം ആലുവ എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടിച്ച സ്വര്‍ണം കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. തൊണ്ടിമുതല്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ പ്രതികളുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

ആലുവ എടയാല്‍ സ്വര്‍ണകവര്‍ച്ച കേസിലെ മുഖ്യപ്രതി സതീഷ് ഉള്‍പ്പെടയുള്ള അഞ്ച് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും . പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതല്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികള്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കുന്നതാണ് പൊലീസിനെ കുഴക്കുന്നത്. മുഖ്യപ്രതി സതീഷ് സെബാസ്റ്റ്യനുമായി കഴിഞ്ഞ ദിവസം പൊലീസ് ചിന്നാര്‍ വനമേഖലയില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ചാണ് പരിശോധന നടത്തിയത്.

തൊണ്ടിമുതല്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രതികളുടെ കസ്റ്റഡി നീണ്ടിക്കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കഴിഞ്ഞ മാസം ഒന്‍പതാം തിയതിയാണ് എടയാര്‍ വ്യവസായ മേഖലയിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവരികയായിരുന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. സ്ഥാപനത്തിലെ മുന്‍ഡ്രൈവറും മുഖ്യപ്രതിയുമായ സതീഷിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. കമ്പനിയിലെ മുൻ ജീവനക്കാനായ ഇടുക്കി തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജിനെ പിടികൂടിയതോടെയാണ് ഗൂഢാലോചന വെളിപ്പെട്ടത്.