LiveTV

Live

Kerala

സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസ്: വൈദികരെ അറസ്റ്റ് ചെയ്യണമെന്ന്  ഒരു വിഭാഗം വിശ്വാസികള്‍

ആലഞ്ചേരിയെ പിന്തുണക്കുന്നവരാണ് വൈദികര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസ്: വൈദികരെ അറസ്റ്റ് ചെയ്യണമെന്ന്  ഒരു വിഭാഗം വിശ്വാസികള്‍

സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ പ്രതികളാക്കപ്പെട്ട വൈദികരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികള്‍. ആലഞ്ചേരിയെ പിന്തുണക്കുന്നവരാണ് വൈദികര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. പ്രതികളായ വൈദികരെ തുടര്‍ച്ചയായ നാലാം ദിവസവും ചോദ്യം ചെയ്യുന്നതിനിടെയാണ് വിശ്വാസികളുടെ പ്രതിഷേധം.

ഒന്നാം പ്രതി പോള്‍ തേലക്കാടിനെയും നാലാം പ്രതി ആന്‍റണി കല്ലൂക്കാരനെയും നാലാം ദിവസമാണ് അന്വേഷണസംഘം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ലാപ്ടോപ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. രേഖകള്‍ വ്യാജമായി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായതാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഈ മാസം 5 വരെ പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ കോടതി അതുവരെ അറസ്റ്റും തടഞ്ഞിട്ടുണ്ട്. ആവശ്യമെങ്കില്‍ ജാമ്യത്തില്‍ ഇറങ്ങിയ മൂന്നാം പ്രതി ആദിത്യനെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്താനും അന്വേഷണസംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഒരു വിഭാഗം വിശ്വാസികള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ബാനറുമായി ഇടപ്പള്ളി പള്ളിക്ക് മുന്നിലെത്തിയത്. വ്യാജരേഖാ കേസിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആഡംബര ഹോട്ടലിന്റെ അക്കൌണ്ടിലേക്ക് വന്‍തുക കൈമാറിയെന്ന രേഖ ചമച്ച് കര്‍ദിനാള്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കേസിന് ആസ്പദമായ പരാതി.