LiveTV

Live

Kerala

ശാസ്താംകോട്ടയിലെ നിലച്ചുപോയ കടപുഴ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ അനുമതി

ശാസ്താംകോട്ടയിലെ നിലച്ചുപോയ കടപുഴ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ അനുമതി

കൊല്ലം ശാസ്താംകോട്ടയിലെ നിലച്ചുപോയ കടപുഴ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ അനുമതി. കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി പ്രാദേശിക കുടിവെള്ള പദ്ധതിയായാണ് പുനരുജ്ജീവിപ്പിക്കുന്നത്. സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കി നിലച്ച പദ്ധതി പ്രാദേശിക കുടിവെള്ള പദ്ധതിയായി ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കല്ലടയാറ്റിലെ ജലം പൈപ്പുകള്‍ വഴി ശാസ്താംകോട്ടയിലെ ശുദ്ധീകരണശാലയിലെത്തിച്ച് കൊല്ലം നഗരത്തിലേക്ക് വിതരണം ചെയ്യുകയായിരുന്നു കടപുഴ കുടിവെള്ള പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 31 കോടി ചെലവിട്ടാരംഭിച്ച പദ്ധതി ആസൂത്രണത്തിലെ പിഴവ് മൂലം പ്രാരംഭത്തില്‍ തന്നെ നിലച്ചു. അഞ്ചുകിലോമീറ്റര്‍ ദൂരം സ്ഥാപിക്കേണ്ട പൈപ്പുകള്‍ പദ്ധതിയുടെ തുടക്കസ്ഥലത്തിട്ടതൊഴിച്ചാല്‍ കടപുഴ പദ്ധതിക്ക് യാതൊരനക്കവും ഉണ്ടായില്ല. കൊല്ലം നഗരത്തിലേക്ക് ജലമെത്തിക്കാന്‍ ഞാന്‍ കടവ് പദ്ധതി ആരംഭിച്ചതോടെ കടപുഴ പദ്ധതി പൂര്‍ണമായും നിലച്ചു.

17 കോടി മുടക്കി വാങ്ങിയ ഹൈഡെന്‍സിറ്റി പൈപ്പുകള്‍ ശാസ്താംകോട്ട തടാക തീരത്ത് കിടന്ന് നശിച്ചതോടെ കടപുഴ പദ്ധതി പ്രാദേശിക പദ്ധതിയായി തുടങ്ങണമെന്ന ആവശ്യമുയര്‍ന്നു. ഈ ആവശ്യം വാര്‍ത്തയായതിന് പിന്നാലെ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് പ്രാദേശിക പദ്ധതിയായി കടപുഴ പദ്ധതി ആരംഭിക്കാന്‍ തീരുമാനമായത്. കല്ലടയാറ്റിലെ ജലം കുടിവെള്ളമായി നല്‍കിത്തുടങ്ങിയാല്‍ ശാസ്താംകോട്ട തടാകത്തിലെ ജലം കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കേണ്ടി വരില്ല. ദിനംപ്രതി ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്ന ശാസ്താംകോട്ട തടാകത്തിനെ സംരക്ഷിക്കുന്നതിന് കൂടി കടപുഴ പദ്ധതി ഉപകരിക്കും.