LiveTV

Live

Kerala

കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല; ആശങ്കപ്പെടേണ്ടെന്ന് മന്ത്രി 

നിപ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറുണ്ട്. എറണാകുളത്ത് ആശുപത്രിയിലുള്ള രോഗിയുടെ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല

കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല; ആശങ്കപ്പെടേണ്ടെന്ന് മന്ത്രി 

കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സ്വാഭാവിക നടപടികളുടെ ഭാഗമായുള്ള പരിശോധനകള്‍ മാത്രമാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാകലക്ടറും വ്യക്തമാക്കി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിൽ നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. സ്വകാര്യ ലാബില്‍ നിന്നും റിപ്പോർട്ട് കിട്ടിയ ഉടൻ ആരോഗ്യ വകുപ്പിന് ആശുപത്രി അധികൃതര്‍ വിവരം നൽകി. തുടര്‍ന്നാണ് രക്തസാമ്പിള്‍ ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാൽ വൈറോളജി ലാബിലേക്കും പരിശോധനക്ക് അയച്ചത്. ഇവയുടെ ഫലം കിട്ടിയാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണമാകൂ. ഇന്ന് രാത്രിയോടെ പരിശോധനാ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. പരിശോധന ഫലം എന്തു തന്നെയായാലും എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

നിപ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യ മന്ത്രി കണ്ണൂരില്‍ പ്രതികരിച്ചു. സ്വകാര്യ ആവശ്യത്തിനെത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ ആർ.എൽ സരിത യുവാവ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിൽ എത്തി ഡോക്‌ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുള്ള ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ രോഗമുണ്ടെങ്കില്‍ തന്നെ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലവിലെ വിലയിരുത്തല്‍.