LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

പ്രകാശന്‍ തമ്പിയെ പറ്റി അന്വേഷിക്കണമെന്ന് ബന്ധു പ്രിയ. ഇവരുടെ ഇടപാടുകളില്‍ സംശയമുണ്ടെന്നും പ്രിയ

ബാലഭാസ്കറിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് ബന്ധുക്കള്‍. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നു. ബാലഭാസ്കറിന്റെ അടുത്ത ബന്ധു പ്രിയ വേണുഗോപാലാണ് ഫേസ് ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്.

അപകട വിവരം അറിഞ്ഞ് താനും ഭർത്താവും അനന്തപുരി ആശുപത്രിയിലെത്തുമ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നുവെന്ന് പ്രിയ പറയുന്നു. തമ്പി എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത് പൂന്തോട്ടത്തിൽ ലത എന്ന് പറയുന്ന സ്ത്രീയോടാണ്. പൊലീസ് ആദ്യം മുതലെ നിഷ്ക്രിയരായിരുന്നു. ദൃക്സാക്ഷികളായവരെ കേന്ദ്രീകരിച്ച് ഒരിക്കലും അന്വേഷണം മുന്നോട്ടുപോയില്ല. മുന്നിലിരുന്ന ഒരാൾ വളരെ ആരോഗ്യമുള്ള ഒരാളായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

ഇവരുടെ മൊഴി പ്രകാരം, പുറകിൽ ഒരാൾ മരിച്ച നിലയിൽ കമിഴ്‍ന്നു കിടക്കുകയായിരുന്നു. ബാലഭാസ്കർ അപകട സമയത്ത് തന്നെ കഴുത്തിന് പരിക്കേറ്റ് തളർന്നിരുന്നു. ഇതൊന്നും അന്വേഷണത്തിന്‍റെ പരിധിയിൽ വന്നിട്ടില്ല. ബാലഭാസ്കറിന്‍റെ മരണശേഷം വല്ലാത്ത നിയന്ത്രണങ്ങളാണ് ബന്ധുക്കള്‍ക്ക് ആശുപത്രിയിലുണ്ടായത്. ലക്ഷ്മിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ പോലും അനുവദിച്ചില്ല. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് തമ്പിയും വിഷ്ണുവും ഒക്കെയായിരുന്നു.

പലപ്പോഴും ഇവരോട് ഞങ്ങൾക്ക് കയർക്കേണ്ടി വന്നു. ഇവരെക്കുറിച്ച് അന്ന് പരാതി എഴുതി നൽകിയിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ല. ആരാണ് വണ്ടി ഓടിച്ചിരുന്നതെന്ന കാര്യത്തിൽ പോലും സംശയങ്ങളുണ്ട്. ബാലഭാസ്കര്‍ വിവാഹമോചനത്തേ കുറിച്ച് ആലോചിച്ചിരുന്നതായും പ്രിയ പറയുന്നു. പ്രിയയുടെ കൂടി വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ ബാലഭാസ്കറിന്‍റെ മരണത്തിലെ ദൂരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്.