LiveTV

Live

Kerala

അസാധാരണ ഉപാധികളോടെ കാമ്പസ് അക്രമ കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം

പാലക്കാട് നെൻമാറ എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരായ 14 വിദ്യാര്‍ത്ഥികള്‍ക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ അസാധാരണ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

അസാധാരണ ഉപാധികളോടെ കാമ്പസ് അക്രമ കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം

അസാധാരണ ഉപാധികളോടെ കാമ്പസ് അക്രമണ കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. കേസ് അവസാനിക്കുന്നത് വരെ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നാണ് ഉപാധി. പാലക്കാട് നെൻമാറ എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരായ 14 വിദ്യാര്‍ത്ഥികള്‍ക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ അസാധാരണ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

രണ്ട് കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി സംഘം ചേർന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് ഇവർക്കെതിരായ കേസ്. ഇരുമ്പുവടി കൊണ്ട് അക്രമം നടത്തിയെന്ന് കണ്ടെത്തിയ വിദ്യാർഥികൾക്കടക്കം ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കാര്യമായി എതിർത്തില്ല. ഇവരാരും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഇടപെട്ടവരല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ ഈ നിലപാടെടുത്തത്.

പ്രതികളെല്ലാവരും 19നും 21നും ഇടയിൽ മാത്രം പ്രായമുള്ളവരാണെന്നതും മുമ്പ് കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടില്ലെന്നതും കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ, കാമ്പസ് രാഷ്ട്രീയത്തിന്റെ പേരിൽ കോളജിലെ സമാധാനാന്തരീക്ഷം തകർക്കുന്ന അക്രമ പ്രവർത്തനമാണ് ഇവരിൽ നിന്നുണ്ടായതെന്നും ഇത്തരം പ്രവർത്തനങ്ങൾ കാമ്പസിനകത്ത് തുടരാൻ അനുവദിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എതിർ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെയാണ് അക്രമിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ വിനാശകരമായ പ്രവണത കാമ്പസുകളിലെ സമാധാനാന്തരീക്ഷത്തെ മലിനമാക്കുകയാണ്, ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാലും സംഘടനാ പ്രവർത്തനം തുടരാൻ ഇവരെ അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിലവിലെ കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകും വരെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ഈ വിദ്യാർഥികളെ വിലക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ജാമ്യ ഉപാധികളിലൊന്നായി കൂട്ടിച്ചേർക്കുകയായിരുന്നു.