LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയവര്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ നടത്തിയത് ആസൂത്രിത നീക്കം 

കോടതിയില്‍ നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് സ്വര്‍ണക്കടത്തിലെ തന്ത്രങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയവര്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ നടത്തിയത് ആസൂത്രിത നീക്കം 

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയവര്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ നടത്തിയത് ആസൂത്രിത നീക്കം. ദുബൈയില്‍ നിന്നും ഒരേ അളവില്‍ രണ്ടായി സ്വര്‍ണം വാങ്ങുകയായിരുന്നു ഇവരുടെ പതിവ്. ഇതില്‍ ഒരു ഭാഗം സ്വര്‍ണം മാത്രം ഹാജരാക്കിയാണ് ദുബൈ കസ്റ്റംസിനെ കബളിപ്പിച്ചിരുന്നത്. കോടതിയില്‍ നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് സ്വര്‍ണക്കടത്തിലെ തന്ത്രങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കള്ളക്കടത്തിനായി ദുബൈയിൽ നിന്നും സ്വർണം വാങ്ങിയിരുന്നത് ദുബൈയിലെ താമസക്കാരനായ ജിത്തുയെന്ന ആളാണ്. യാത്രക്കാരെ തന്നെ കാരിയർമാരായി കണ്ടെത്തും. ഒരേ അളവിൽ രണ്ടായി വാങ്ങുന്ന സ്വർണം ഒന്ന് ദുബൈ കസ്റ്റംസിൽ പരസ്യപ്പെടുത്തും. അതേ അളവിൽ വാങ്ങിയ സ്വർണം ഹാന്റ് ബാഗിൽ ഒളിപ്പിക്കും.

തിരുവനന്തപുരം എയർപോർട്ടിൽ എത്തിയാൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാധാക്യഷ്ണന്റെ സഹായത്തോടെ ഹാന്റ് ബാഗ് പരിശോധനയില്ലാതെ പുറത്ത് വരും. ഇതിനായി കാരിയേഴ്സിന് 1000 ദിർഹം വരെ പ്രതിഫലം നൽകിയിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. കടത്തിയത് വലിയ അളവിലുള്ള സ്വർണമാണ്. വലിയ കണ്ണികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചതായും ഇന്റലിജൻസ് വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പലതവണ താന്‍ ഇത്തരത്തിൽ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പ്രതിയായ സെറീന ഷാജി മൊഴി നൽകിയിരുന്നു. ദുബൈയില്‍ നിന്നും ജിത്തു തന്‍റെ കൈവശം 24 കിലോ സ്വര്‍ണം നല്‍കി, അതേ അളവില്‍ സ്വര്‍ണം സുനില്‍കുമാറെന്ന തിരുവനന്തപുരം സ്വദേശിയെയും ഏല്‍പിച്ചു. താന്‍ ഡ്യൂട്ടി അടച്ചാണ് ആ സ്വര്‍ണം കൊണ്ടുവന്നത്. സുനില്‍കുമാറിന്‍റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം പിടിക്കപ്പെട്ടാല്‍ സഹായിക്കാനാണ് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നുമായിരുന്നു സെറീന നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്.