LiveTV

Live

Kerala

ശബരിമല; സർക്കാർ നിലപാട് മാറ്റാതെ നഷ്ടമായ വോട്ടുകൾ എങ്ങനെ സി.പി.എം തിരികെ കൊണ്ടുവരും  

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് സമ്മതിച്ച സി.പി.എം നഷ്ടമായ വോട്ടുകൾ തിരികെ പിടിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്നാണ് വ്യക്തമാക്കിയത്. 

ശബരിമല; സർക്കാർ നിലപാട് മാറ്റാതെ നഷ്ടമായ വോട്ടുകൾ എങ്ങനെ സി.പി.എം തിരികെ കൊണ്ടുവരും  

ശബരിമല വിഷയത്തിന്റെ പേരിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരികെ പിടിക്കാനാവശ്യമായ പ്രചാരണം നടത്തുമെന്ന് സി.പി.എം പറയുമ്പോഴും അത് അത്ര വേഗത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമലയിൽ നിലപാട് മാറ്റാതെ വോട്ടർമാരെ എങ്ങനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നതാണ് പ്രധാന പ്രശ്നം. കാസർകോടുണ്ടായ അപ്രതീക്ഷിത തോൽവിയാണ് അക്രമ രാഷ്ട്രിയത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് സമ്മതിച്ച സി.പി.എം നഷ്ടമായ വോട്ടുകൾ തിരികെ പിടിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്നാണ് വ്യക്തമാക്കിയത്. എന്നാൽ സി.പി.എം നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധിയും ഇതാണ്. സർക്കാർ നിലപാട് മാറ്റാതെ നഷ്ടമായ വോട്ടുകൾ തിരികെ കൊണ്ട് വരുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. പ്രചാരണത്തിലൂടെ നിലവിലെ പ്രതിസന്ധി മറികടക്കാമെന്ന് പാർട്ടി നേതൃത്വം കരുതുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധിക്കുമെന്ന സംശയമുള്ളവരും പാർട്ടിയിൽ കുറവല്ല.

സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ മൗനം പാലിക്കുകയാണ് സർക്കാരിന് മുന്നിലുള്ള ഒരു മാർഗ്ഗം. നട തുറന്നിരിക്കുമ്പോൾ ദർശനത്തിനായി യുവതികൾ വന്നാൽ അവരെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള തന്ത്രവും സർക്കാരിന് സ്വീകരിക്കേണ്ടി വരും. പൊലീസ് സംരക്ഷണയോടെ ഒരു സ്ത്രീ കൂടി മലയിൽ പ്രവേശിച്ചാൽ അതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ലെന്ന് സർക്കാരിനും സി.പി.എമ്മിനും അറിയാം.

അത് കൊണ്ട്തന്നെ ഇക്കാര്യത്തിൽ തന്ത്രപരമായ സമീപനമായിരിക്കും ഇനി സ്വീകരിക്കുക. അതേസമയം കാസർഗോഡ് ,വടകര മണ്ഡലങ്ങളിലുണ്ടായ കനത്ത തിരിച്ചടിയാണ് അക്രമ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിപ്പറയാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. പാർട്ടി അണികളിൽ ഈ സന്ദേശമെത്തിക്കാനുള്ള കർശന ഇടപെടൽ വരും ദിവസങ്ങളിൽ സി.പി.എം നേതൃത്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.